കോഴിക്കോട്: നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി ജില്ല കോൺഗ്രസ് കമ്മിറ്റിയും അന്വേഷി വിമൻസ് കൗൺസലിങ് സെൻററും രംഗത്ത്. ഡി.സി.സിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ (യു.എൻ.എ) സമരപ്പന്തലിനു മുന്നിലേക്ക് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. തങ്ങളുടെ ന്യായമായ ആവശ്യത്തിൽ ഉറച്ചുനിന്ന് രണ്ടാം മുല്ലപ്പൂ വിപ്ലവത്തിനാണ് നഴ്സുമാർ തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 21 ദിവസം പിന്നിട്ട സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങളെ ഏതുവിധേനയും ചെറുക്കുമെന്ന് യു.എൻ.എ ഭാരവാഹികൾ വ്യക്തമാക്കി. അവകാശങ്ങൾ നേടിയെടുക്കാതെ ജോലിക്ക് തിരിച്ചു കയറില്ലെന്നും അവർ പറഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ, പി.എം. അബ്ദുറഹ്മാൻ, ഹബീബ് തമ്പി, പി.വി. ബിനീഷ്കുമാർ, കെ.പി. നിധീഷ്, എ.ഇ. മാത്യു, ഇടക്കുനി അബ്ദുറഹ്മാൻ, ദിനേശ് പെരുമണ്ണ, ഹേമലത വിശ്വനാഥൻ, സമീജ് പാറോപ്പടി, കണ്ടിയിൽ ഗംഗാധരൻ, ശ്രീനിവാസൻ, ഫൗസിയ അസീസ്, ലത സദാശിവൻ, വി.പി. ഷിജിലാൽ, കെ. സന്തോഷ്കുമാർ, ടി.പി. അഷ്റഫ്, ഷാലിൻ എന്നിവർ പങ്കെടുത്തു. പതിറ്റാണ്ടുകളായി സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ നഴ്സുമാരോട് നടത്തുന്ന ചൂഷണത്തിനെതിരെ സർക്കാർ നിലപാടെടുക്കേണ്ടതുണ്ടെന്ന് അന്വേഷി പ്രസിഡൻറ് കെ. അജിത, സെക്രട്ടറി പി. ഷീജ എന്നിവർ ആവശ്യപ്പെട്ടു. നിലനിൽപിനുള്ള സമരം വിജയിപ്പിക്കേണ്ടതുണ്ട്. ഇതിനായി പൊതുസമൂഹം രംഗത്തുവരേണ്ടതുണ്ടെന്നും അർഹമായ അംഗീകാരത്തോടെ ആതുരശുശ്രൂഷ ചെയ്യാനുള്ള സാഹചര്യം നഴ്സുമാർക്ക് ഒരുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.