ഈങ്ങാപ്പുഴ: പുതുപ്പാടി സർവകക്ഷി ഭൂസംരക്ഷണ സമരസമിതി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു. പുതുപ്പാടി വില്ലേജ് ഓഫിസിനു മുന്നിലെ സമരപ്പന്തലിലേക്ക് മലയോരപ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരുടെ വൻ ജനപ്രവാഹമാണ്. കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി തുടങ്ങിയ അയൽ പഞ്ചായത്തുകളിൽനിന്ന് പിന്തുണയുമായി നിരവധിപേർ പ്രകടനമായെത്തി. നിരാഹരമനുഷ്ഠിക്കുന്ന ബിജു താന്നിക്കാക്കുഴി, ടി.എം. പൗലോസ്, കെ.ഇ. വർഗീസ്, ജോർജ് മങ്ങാട്ട് എന്നിവരെ പുതുപ്പാടി പി.എച്ച്.സിയിലെ ഡോ. വേണുഗോപാലിെൻറ നേതൃത്വത്തിലെത്തിയ മെഡിക്കൽ സംഘം പരിശോധിച്ചു. യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് തേവള്ളി, ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന വനിത ചെയർ പേഴ്സൻ മോളി ജോർജ് എന്നിവരെത്തി പിന്തുണ പ്രഖ്യാപിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി ഹാജി, ചെയർപേഴ്സൻ ഏലിയാമ്മ ജോർജ്, അംഗങ്ങളായ ശശി ചക്കാലക്കൽ, ഒതയോത്ത് അഷ്റഫ്, എ.പി. ഹുസൈൻ, റംല, ഒ.കെ.എം. കുഞ്ഞി എന്നിവരും സമരപ്പന്തലിലെത്തി. ഈങ്ങാപ്പുഴ ഓട്ടോ കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ ൈട്രവർമാർ, മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രവർത്തകർ, കാക്കവയൽ പുലരി സ്വയം സാഹായ സംഘാംഗങ്ങൾ എന്നിവർ പ്രകടനമായി പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. മന്ത്രിയുമായി നടന്ന ചർച്ച പരാജയം: -സമരം തുടരുമെന്ന് സമരസമിതി ഈങ്ങാപ്പുഴ: പുതുപ്പാടി സർവകക്ഷി ഭൂസംരക്ഷണ സമരസമിതി ഭാരവാഹികൾ ചൊവ്വാഴ്ച റവന്യൂവകുപ്പ് മന്ത്രി ചന്ദ്രശേഖരനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പട്ടയത്തിനായി ലാൻഡ് ൈട്രബ്യൂണലിൽ അപേക്ഷിച്ച റിസർവേ 1/1ലെ 400 കൈവശക്കാർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും കഴിയുന്നതും വേഗം പ്രശ്നം പരിഹരിക്കാമെന്നും മന്ത്രി സമരസമിതി നേതാക്കൾക്ക് ഉറപ്പുനൽകി. അതേസമയം, 100/1ലെ ക്രയവിക്രയം തടയപ്പെട്ട 1000 കുടുംബങ്ങളുടെ കാര്യത്തിൽ വ്യക്തമായ ഉറപ്പുനൽകാൻ മന്ത്രി തയാറായില്ല. ഇതുസംബന്ധിച്ച് റവന്യൂവകുപ്പിൽനിന്നും വ്യക്തമായ റിപ്പോർട്ട് ലഭിക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് അടിയന്തരമായി എത്തിക്കാൻ മന്ത്രി റവന്യൂ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. റിപ്പോർട്ട് പഠിച്ച ശേഷമേ ഈക്കാര്യത്തിലുള്ള സർക്കാർ നിലപാട് വ്യക്തമാക്കാനാകൂ. എന്നിരുന്നാലും പ്രശ്നത്തിൽ അനുഭാവ പൂർവമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സമരസമിതി നേതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, മുൻകാലങ്ങളിലുള്ള അനുഭവത്തിെൻറ അടിസ്ഥാനത്തിൽ പരിഹാരനടപടികൾ യാഥാർഥ്യമായ ശേഷമേ സമര പരിപാടികൾ അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് സമരസമിതി നേതാക്കൾ. റവന്യൂമന്ത്രിയുമായുള്ള ചർച്ചയിൽ സമരസമിതി കൺവീനർ ഗിരീഷ് ജോൺ, വൈസ്ചെയർമാൻ വി.കെ. ഹുസൈൻകുട്ടി, മേലേടത്ത് അബ്ദുറഹിമാൻ, പി.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.