കർഷക​െൻറ ആത്മഹത്യ: സ്പെഷൽ വില്ലേജ്​ ഒാഫിസറുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഓഫിസിൽ കർഷകൻ തൂങ്ങിമരിച്ച കേസിൽ മൂന്നാഴ്ചയായി കൊയിലാണ്ടി സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന കൂരാച്ചുണ്ട് സ്പെഷൽ വില്ലേജ് ഒാഫിസർ സിലീഷ് തോമസി​െൻറ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്ച രാവിലെ പരിഗണിക്കും. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് ജൂൺ 21ന് രാത്രിയാണ് ചെമ്പനോട കാവിൽപുരയിടത്തിൽ തോമസ് എന്ന ജോയ് വില്ലേജ് ഒാഫിസി​െൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിലീഷിനെയും നിലവിലെ ചെമ്പനോട വില്ലേജ് ഒാഫിസർ പി.എ. സണ്ണിെയയും റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തതോടെ സിലീഷ് ഒളിവിൽ പോവുകയും ജൂൺ 26ന് രാത്രി 11ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സി.ഐ സുനിൽകുമാർ മുമ്പാകെ കീഴടങ്ങുകയുമായിരുന്നു. 27ന് പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സിലീഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ അടുത്ത ദിവസംതന്നെ ഹൈകോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തു. എന്നാൽ, വാദംകേട്ട കോടതി ജാമ്യാപേക്ഷയിൽ വിധിപറയുന്നത് മാറ്റി. 14 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ ജൂലൈ 11ന് പേരാമ്പ്ര കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഹൈകോടതി സിലീഷി​െൻറ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് തോമസി​െൻറ ആത്മഹത്യക്കുറിപ്പിൽ പേരുള്ള സഹോദരൻ ജിമ്മി ഉൾപ്പെടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും റവന്യൂ ജീവനക്കാരുടെയും മൊഴി പൊലീസ് എടുത്തിരുന്നു. അതിനിടെ, സിലീഷിനെ ജയിലിലടച്ചതിൽ ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധമുണ്ട്. ഒരു ദിവസം ഒരു വിഭാഗം റവന്യൂ ജീവനക്കാർ കൂട്ട അവധിയെടുത്തിരുന്നു. തോമസി​െൻറ ആത്മഹത്യയെ തുടർന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരം ഈ ഭൂമിയുടെ കരം പിറ്റേദിവസംതന്നെ ചെമ്പനോട വില്ലേജിൽ സ്വീകരിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യൻ ചെമ്പനോട വില്ലേജിൽ പരിശോധന നടത്തി പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി സാബുവി​െൻറ നേതൃത്വത്തിൽ വില്ലേജ് ഒാഫിസിൽ റെയ്ഡും നടത്തിയിരുന്നു. തോമസി​െൻറ കുടുംബത്തി​െൻറ 16 ലക്ഷത്തി​െൻറ കടബാധ്യത ഏറ്റെടുക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് സാമൂഹിക സുരക്ഷ മിഷനും വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.