വയൽപ്രദേശങ്ങളിൽ ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് കിനാലൂരിൽ ഇറക്കിയത് ബാലുശ്ശേരി: ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഇടപെടാത്തതിൽ ദുരൂഹതയുണ്ടെന്ന് ഗെയിൽ സമര സമിതി. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കിനാലൂർ തച്ചംപൊയിൽ ഭാഗത്ത് നടക്കുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയെങ്കിലും വൻപൊലീസ് സന്നാഹത്തോടെ പ്രതിഷേധം വകവെക്കാതെ പ്രവൃത്തി തുടരുകയാണ്. സർവേയിൽ രേഖപ്പെടുത്തിയ സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി 20 മീറ്റർ വീതിയിൽ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞ ഒരാഴ്ചയായി കിനാലൂർ ഭാഗത്ത് നടക്കുന്നത്. സർവേ പ്രകാരം ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾക്ക് നിയമ പ്രകാരമുള്ള നഷ്ടപരിഹാരത്തുക നൽകാതെയും ജനവാസ കേന്ദ്രങ്ങളിലൂടെ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പാലിക്കേണ്ട നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയുമാണ് ഗെയിൽ അധികൃതർ പൊലീസ് ഫോഴ്സ് ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നതെന്ന് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കളും സ്വാധീനമുള്ള സ്വകാര്യ വ്യക്തികളും തങ്ങൾക്കനുസൃതമായ സ്ഥലത്തുകൂടി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് അധികൃതർ ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ജനസാന്ദ്രതാ മേഖലയിൽ എട്ട് കിലോമീറ്ററിനിടയിൽ വാൽവ് സ്റ്റേഷൻ വേണമെന്നിരിക്കെ 16 കിലോമീറ്ററിലാണ് ഇത് സ്ഥാപിക്കുന്നത്. 50 വാൾവ് സ്റ്റേഷൻ വേണ്ടിടത്ത് 30 എണ്ണം മാത്രമാണ് അധികൃതരുടെ പരിഗണനയിലുള്ളതെന്നും നേതാക്കൾ ആരോപിക്കുന്നു. ജനസാന്ദ്രത ഏറിയ സ്ഥലത്ത് സ്ഥാപിക്കാനുള്ള ഗുണമേന്മയുള്ള പൈപ്പിന് പകരം വയൽപ്രദേശങ്ങളിൽ ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് കിനാലൂരിൽ ഇറക്കിയതെന്നും സമര സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നാല് മീറ്റർ താഴ്ചയിൽ പൈപ്പ് ഇടുന്നതിന് പകരം ഒന്നര മീറ്റർ താഴ്ചയിലാണ് പൈപ്പിടാൻ തീരുമാനിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ഫൈസൽ, വി.ടി. പ്രദീപ് കുമാർ, പൂമഠത്തിൽ രാഘവൻ, എം.കെ. അബ്ദുൽ റഷീദ്, മുഹമ്മദലി കിനാലൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.