അത്തോളി: വേളൂർ ഗവ. മാപ്പിള യു.പി സ്കൂൾ ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടാവുന്നു. മഴ പെയ്താൽ ഗ്രൗണ്ടിൽ ചളിവെള്ളം നിറയും. മഴ കൂടിയാൽ ചിലപ്പോൾ വെള്ളം ക്ലാസ്മുറികളിലെത്തും. സമീപത്തെ സംസ്ഥാന പാതയുടെ ഉയരം കൂടുകയും ചുറ്റുപാടുമുള്ള സ്ഥലങ്ങൾ മണ്ണിട്ടുനികത്തുകയും ചെയ്തതോടെയാണ് സ്കൂൾ ഗ്രൗണ്ട് താഴ്ന്നതും വെള്ളം ഒഴുകിപ്പോകാൻ വേറെ മാർഗമില്ലാതായതും. വിദ്യാർഥികളെ ഒഴിവുസമയങ്ങളിൽ ക്ലാസിന് പുറത്തു വിടുമ്പോൾ ചളിയും വെള്ളവും നിറഞ്ഞ ഗ്രൗണ്ടിലേക്ക് പോകാതിരിക്കാൻ അധ്യാപകർ പാടുപെടുകയാണ്. ചളിവെള്ളത്തിലൂടെ നടന്നു വേണം വിദ്യാർഥികൾക്കും അധ്യാപകർക്കും ക്ലാസിലെത്താൻ. കുട്ടികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കെട്ടിടസൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുകയാണ് ഈ വിദ്യാലയം. ചളിവെള്ളം നിറഞ്ഞ ഗ്രൗണ്ടിനു സമീപമുള്ള കെട്ടിടത്തിൽ ഒമ്പത് ക്ലാസ്മുറികളുണ്ട്. അമ്പതോളം വർഷം പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിലാണ് ഒമ്പത് ക്ലാസുകളും പ്രവർത്തിക്കുന്നത്. ഈ കെട്ടിടവും അപകടാവസ്ഥയിലാണ്. ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിന് പരിഹാരം കാണുന്നതിനായി സ്കൂൾ അധികൃതർ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തുടർന്ന് എൻജിനീയർ സ്കൂൾ സന്ദർശിച്ച് ഡ്രെയിനേജ് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തതായും പ്രധാനാധ്യാപകൻ പറഞ്ഞു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലായി 26 ഡിവിഷനുകളിലായി എഴുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ 31 അധ്യാപകരാണുള്ളത്. കൂടാതെ എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലായി നൂറോളം കുട്ടികളും പഠിക്കുന്നുണ്ട്. പുരുഷൻ കടലുണ്ടി എം.എൽ.എ 'എെൻറ വിദ്യാലയം' പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ പഴയ കെട്ടിടത്തിെൻറ ഒരു ഭാഗം പൊളിച്ച് അഞ്ച് ക്ലാസ് മുറികളുണ്ടാക്കിയിരുന്നു. കൂടാതെ സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ 25 ലക്ഷം രൂപ സമാഹരിച്ച് രണ്ട് ക്ലാസ് മുറികളും എസ്.എസ്.എ ഒരു മുറിയും പണികഴിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവിടെ ക്ലാസ് മുറികൾ ഭാഗികമായെങ്കിലും സുരക്ഷിതമായത്. സ്കൂളിെൻറ സമഗ്ര വികസനം ലക്ഷ്യമാക്കി പത്ത് ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, ഗ്രൗണ്ട്, ചുറ്റുമതിൽ എന്നിവയടക്കമുള്ള മാസ്റ്റർ പ്ലാനിന് പി.ടി.എ രൂപം നൽകിയിട്ടുണ്ട്. രണ്ടു കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.