ദേശീയപാതയിൽ തണൽമരങ്ങൾ കടപുഴകി ബസ്​സ്​റ്റോപ്​ തകർന്നു; ബൈക്ക് യാത്രികന് പരിക്കേറ്റു

ഫറോക്ക്: ചെറുവണ്ണൂർ ദേശീയപാതയിൽ കൂറ്റൻ തണൽമരങ്ങൾ കടപുഴകി ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു. ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ഒന്നര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ചെറുവണ്ണൂർ ദേശീയപാതയിലെ പോസ്റ്റ് ഒാഫിസിന് മുന്നിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആദ്യ അപകടം. പിന്നീട് വൈകീട്ട് ആറു മണിയോടെ കള്ളുഷാപ്പിന് തൊട്ടടുത്തുള്ള ബദാം മരവും റോഡിലേക്ക് വീണതും ദേശീയപാതയിൽ ഗതാഗതസ്തംഭനത്തിനിടയാക്കി. ചെറുവണ്ണൂർ ദേശീയപാതയിൽ കോഴിക്കോട് ദിശയിൽ കരുണ ബസ്സ്റ്റോപ്പിന് പിൻവശത്തുള്ള പറമ്പിലെ പഴക്കംചെന്ന തണൽമരമാണ് നിലംപതിച്ചത്. അപകടത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം പൂർണമായും സമീപത്തെ ചുറ്റുമതിൽ ഭാഗികമായും തകർന്നു. അപകടസമയം ബസ്സ്റ്റോപ്പിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നിലധികം പേർ ഉണ്ടായിരുന്നു. മരം നിലംപതിക്കുന്ന ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ഓടിയെത്തിയ യാത്രക്കാരും നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ് മരം മുറിച്ചുമാറ്റിയത്. മരം വീണ് പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതിയും കേബിൾ കണക്ഷനുകളും മണിക്കൂറുകളോളം നിശ്ചലമായി. മീഞ്ചന്ത ഫയർസ്റ്റേഷനിലെ അസിസ്റ്റൻറ് ലീഡിങ് ഫയർമാന്മാരായ പി. സതീഷ്, ടി.കെ. ഹംസക്കോയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.