സർക്കാർ ഭൂമി അളക്കുന്നതിന് പരാതിക്കാരൻ സൗകര്യം ചെയ്യണമെന്ന നിർദേശം വിവാദത്തിൽ

നടുവണ്ണൂർ: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിക്ക് പരാതി നൽകിയ വ്യക്തിയോട് സ്വയം പരിഹാരം കാണാൻ റവന്യൂ വകുപ്പ് നൽകിയ നിർദേശം വിവാദമാവുന്നു. സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിത കേരളം പദ്ധതിയിലേക്ക് മാറ്റിവെച്ച ഭൂമി അളക്കുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരനാണ് റവന്യൂ സർവേ ജില്ല സൂപ്രണ്ടി​െൻറ നോട്ടീസ് ലഭിച്ചത്. സർക്കാർ മിച്ചഭൂമിയുടെ രേഖകൾ സഹിതം ഈ മാസം 20ന് നടുവണ്ണൂർ വില്ലേജ് ഓഫിസിൽ ഹാജറാകാനും സർക്കാർ മിച്ചഭൂമിയിലെ കാടുകൾ വെട്ടിത്തെളിച്ച് ഭൂമി അളക്കുന്നതിനുള്ള ഒരുക്കം ചെയ്യാനുമാണ് പരാതിക്കാരന് റവന്യൂ വകുപ്പ് നോട്ടീസിലൂടെ നിർേദശം നൽകിയത്. നടുവണ്ണൂർ വില്ലേജ് ഓഫിസ് പരിധിയിൽ മന്ദങ്കാവ് കേര ഫെഡിന് സമീപമുള്ള മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നുവെന്ന് കാണിച്ച് റവന്യൂ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയ പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് ചെയർമാൻ പി.ബി. അജിത്തിനാണ് ഇത്തരത്തിൽ നോട്ടീസ് നൽകിയത്. നടുവണ്ണൂർ വില്ലേജിൽ, റി.സ. 33/2ൽപെട്ട ഒരു ഏക്കർ 99 സ​െൻറ് ഭൂമി 1986ലാണ് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കുന്നത്. ഭൂമി പരിശോധിച്ച ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർ ഇത് താമസയോഗ്യമാക്കാവുന്ന ഭൂമിയാണെന്നും ഡീ റിസർവ് ചെയ്ത് ഭൂരഹിതർക്ക് പതിച്ചു നൽകണമെന്നും നിർദേശം നൽകിയിരുന്നു. ഇത് മറികടന്ന് ഈ ഭൂമി പാട്ടത്തിന് നൽകാൻ നീക്കം ഉണ്ടായപ്പോൾ പൗരാവകാശ പ്രവർത്തകരുടെ പരാതി പ്രകാരം ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2014ൽ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, പ്രസ്തുത ഭൂമി പ്ലോട്ടുകളായി തിരിച്ച് സർവേ കല്ലുകൾ ഇതുവരെ നാട്ടിയില്ലെന്നും 1964ലെ കേരള ഭൂമി പതിവ് ചട്ടപ്രകാരമുള്ള പട്ടയം തയാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൊയിലാണ്ടി താലൂക്ക് ഓഫിസിൽ പൂർത്തിയാകാത്ത സ്ഥിതിയാണെന്നും കാണിച്ചാണ് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്. ഈ പരാതിക്ക് മറുപടിയായാണ് റവന്യൂ വകുപ്പ് ഇത്തരത്തിൽ വിചിത്രമായ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.