കോഴിക്കോട്: പട്ടികജാതി, വർഗ വിഭാഗങ്ങളുടെ ഭവനനിർമാണ പദ്ധതിയിലെ പണിതീരാത്ത വീടുകളുടെ പൂർത്തീകരണത്തിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. പട്ടികജാതി, വർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിെൻറ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോളനികളുടെ ശോച്യാവസ്ഥ സംബന്ധിച്ച് 'മാധ്യമം' കോഴിക്കോട് ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. പട്ടിക വർഗ വിഭാഗത്തിൽ ജില്ലയിൽ 339 വീടുകൾ പണി പൂർത്തിയാക്കാനുണ്ട്. ആകെ 470 വീടുകൾക്കാണ് ധനസഹായം നൽകിയിരുന്നത്. പൂർത്തീകരിക്കാനുള്ള വീടുകൾ രണ്ടാം ഘട്ടം വരെ പണി തീർന്നവയാണ്. പട്ടിക ജാതി വിഭാഗത്തിൽ 1816 വീടുകൾ പണിതീരാനുണ്ട്. 2007 മുതൽ ധനസഹായം നൽകിയവയാണിവ. നിർമാണം മുടങ്ങിയ വീടുകളുടെ പ്രത്യേക കണക്കെടുപ്പ് നടത്തി കലക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്യും. പൂർത്തീകരണത്തിന് അധികതുക ആവശ്യമാകുന്നപക്ഷം അനുവദിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകൾ കാലാനുസൃതമായി നവീകരിക്കും. സംസ്ഥാനത്ത് 40 ഐ.ടി.ഐകളാണുള്ളത്. ജില്ലയിൽ മൂന്നെണ്ണമുണ്ട്. ഇവിടങ്ങളിൽ പുതിയ േട്രഡുകൾ ഉൾപ്പെടുത്തിയും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിലെ സൗകര്യം വർധിപ്പിക്കാനും ആവശ്യമുള്ള അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു. ആവശ്യമെങ്കിൽ പുതിയ ഹോസ്റ്റലുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കും. ആവശ്യമായ പ്രദേശങ്ങളിൽ ഹോസ്റ്റലുകൾക്കായി കെട്ടിടം വാടകക്കെടുക്കും. വടകരയിൽ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്കായി പുതിയ ഹോസ്റ്റൽ കെട്ടിടം പണിയാനും തീരുമാനിച്ചു. പട്ടികവർഗ കോളനികളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലയിലെ 15 കോളനികളെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയാറാക്കും. കുട്ടികളുടെ വിദ്യാഭ്യാസം, പുരുഷന്മാരിലെയും സ്ത്രീകളിലെയും മദ്യാസക്തി, പാർപ്പിടങ്ങൾ, ഗതാഗത സൗകര്യം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളിൽ പൊതു ഇടപെടലിലൂടെ പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. പട്ടികവർഗ വകുപ്പ് ഡയറക്ടർ ഡോ.പി. പുകഴേന്തി, ജില്ലാ കലക്ടർ യു.വി. ജോസ്, ജോയൻറ് ഡയറക്ടർ ആർ. പ്രസന്നൻ, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫിസർ ബി. രാജീവ് കുമാർ, പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസർ കെ.ജി. വിജയ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.