കോഴിക്കോട്: നഗരത്തിൽ അലഞ്ഞുതിരിയുന്ന കാലികൾക്ക് മൂക്കുകയറിടാൻ വീണ്ടും നഗരസഭ നടപടികൾ ആരംഭിച്ചു. കടപ്പുറത്ത് കറങ്ങി നടന്ന നാലുകാളകളെ വെള്ളിയാഴ്ച നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. മേയർ ഭവൻ വളപ്പിലെ ഷെഡിൽ പാർപ്പിച്ച ഇവയെ ഉടമകൾ ഏറ്റെടുത്തില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. രണ്ടുദിവസത്തിന് ശേഷമാണ് ലേലം നടത്തുക. നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം കാലികൾ അലഞ്ഞുതിരിയുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വരും ദിവസങ്ങളിലും കാലിപിടിത്തം സജീവമാക്കാനാണ് തീരുമാനം. ബീച്ചിൽ അലയുന്ന കാലികൾ വെള്ളയിൽ റെയിൽവേ ട്രാക്കിൽ മേയാനെത്തി െട്രയിനിടിച്ച് ചാകുന്നത് സ്ഥിരമായതിനെ തുടർന്ന് പ്രദേശവാസികൾ മേയർക്ക് ഭീമഹരജി നൽകിയിരുന്നു. 1961ലെ കേരള കാറ്റിൽ ട്രസ്പാസ് ആക്ട് പ്രകാരമാണ് നടപടി. ഉടമയുടെ തിരിച്ചറിയൽ കാർഡ്, വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം, മേലിൽ കാലികളെ വിടില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് നൂറു രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം എന്നിവ ഹാജരാക്കിയാൽ മാത്രമേ കാലികളെ തിരിച്ചുകൊടുക്കുകള്ളൂ. വലിയ കാലിക്ക് പിടിത്തക്കൂലി 2000 രൂപയും ചെറുതിന് 500 രൂപയുമാണ്. കൂടാതെ ആയിരം രൂപ പിഴയും ദിവസം 500 രൂപെവച്ച് തീറ്റക്കൂലിയും നൽകണം. ചെറുതാണെങ്കിൽ തീറ്റക്കൂലി 250 മതി. കുറ്റം രാജിയാകാനുള്ള കോമ്പൗണ്ടിങ് ഫീസായി 10 രൂപയും ഈടാക്കും. കാലികൾക്കുള്ള പിഴ വർധിപ്പിക്കാനും നടപടി കർശനമാക്കാനും കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. നഗരസഭ ഹെൽത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ, വെറ്ററിനറി ഒാഫിസർ ഡോ. ലിനൂപ് എന്നിവരുടെ മേൽനോട്ടത്തിലാണ് കാലിപിടിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.