ഡോണ്‍ബോസ്കോ കോളജ് അടിച്ചുതകര്‍ത്ത കേസില്‍ എസ്.എഫ്.െഎ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

സുല്‍ത്താന്‍ ബത്തേരി: ഡോണ്‍ ബോസ്കോ കോളജ് അടിച്ചുതകര്‍ത്ത കേസില്‍ 13 എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാക്കളായ എ.കെ. ജിതൂഷ് (35), ലിജോ ജോണി (31), നിധീഷ് തോമസ് (26), എസ്.എഫ്.ഐ സംസ്ഥാന സമിതിയംഗം എം.എസ്. ഫെബിന്‍ (25), ജില്ല സെക്രട്ടറി ജോബിന്‍സന്‍ (22), ഹരികൃഷ്ണന്‍ (21), അര്‍ജുന്‍ ഗോപാല്‍ (21), അജ്മല്‍ (19), ഹരിശങ്കര്‍ (24), റാഷിദ് (22), ജിഷ്ണു ഷാജി (20), ശരത്ത് (19, അജ്നാസ് (21) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കോളജിലെ ആക്രമണ ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ പിടികൂടിയത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി നാശനഷ്ടങ്ങളുണ്ടാക്കൽ, വധശ്രമം, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവുമായ ജിഷ്ണു ഗോപാലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റി ചൊവ്വാഴ്ച കോളജിലേക്ക് നടത്തിയ പ്രകടനത്തെത്തുടര്‍ന്നാണ് കാമ്പസ് അടിച്ചുതകര്‍ത്തത്. സര്‍ട്ടിഫിക്കറ്റുകള്‍, സി.സി.ടി.വി കാമറ, ശൗചാലയം, മേശകള്‍ എന്നിവ നശിപ്പിച്ചു. രണ്ട് ആരാധനാലയങ്ങളും ഡോണ്‍ ബോസ്കോയുടെ പ്രതിമയും സംഘം തകര്‍ത്തു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം അരങ്ങേറിയത്. 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ആക്രമണ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികളെ നേരത്തേ കോളജില്‍നിന്ന് പറഞ്ഞയച്ചു. അതേസമയം, കാമ്പസിലുണ്ടായിരുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചില്ല് തട്ടി മുറിവേറ്റു. ആക്രമണത്തെത്തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. കോളജും ആരാധനാലയവും തകര്‍ത്തതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണുയരുന്നത്. കോളജ് വീണ്ടും തുറക്കുന്നതും മറ്റും ചര്‍ച്ചചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. അപലപിച്ചു സുല്‍ത്താന്‍ ബത്തേരി: ഡോണ്‍ ബോസ്കോ കോളജും ആരാധനാലയവും അടിച്ചുതകര്‍ത്ത എസ്.എഫ്.ഐ നടപടിയെ കേരള കോണ്‍ഗ്രസ്-എം ജില്ല കമ്മിറ്റി അപലപിച്ചു. വിദ്യാര്‍ഥി മാര്‍ച്ചി​െൻറ മറവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികളല്ലാത്തവരും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തുവെന്നതി​െൻറ തെളിവാണ്. സംഭവ സ്ഥലത്ത് പൊലീസ് കൈയുംകെട്ടി നോക്കിനിന്നത് സേനക്ക് അപമാനമാണ്. ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. ടി.എസ്. ജോര്‍ജ്, ടി.എൽ. സാബു, ടിജി ചെറുതോട്ടിൽ, കുര്യന്‍ പയ്യമ്പള്ളി എന്നിവര്‍ സംസാരിച്ചു. 'പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം' സുല്‍ത്താന്‍ ബത്തേരി: ഡോണ്‍ ബോസ്കോ കോളജും ആരാധനാലയവും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത് നോക്കിനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാമ്പസിൽ ഒന്നര മണിക്കൂര്‍ സംഹാരതാണ്ഡവം ആടിയിട്ടും ഒരാളെപ്പോലും പിന്തിരിപ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നത് അപമാനകരമാണ്. ടി.ജെ. ജോസഫ്, ബാബു പഴുപ്പത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ............................... സ്ഫോടക വസ്തു ശേഖരം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തകരപ്പാടിയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ തുടരന്വേഷണത്തി​െൻറ ഭാഗമായി അഞ്ച് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ലോറി ഡ്രൈവര്‍ സത്യനേശൻ, ക്ലീനര്‍ കൃഷ്ണകുമാര്‍, അകമ്പടിയായി കാറിലെത്തിയ സുരളിരാജൻ, രംഗനാഥന്‍, കൊടുവള്ളി സ്വദേശി അഷ്റഫ് എന്നിവരെയാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. സ്ഫോടക വസ്തു കടത്തിയതില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന തമിഴ്നാട് ധരംപുരി സ്വദേശി സുരളിരാജന്‍, രംഗനാഥൻ, ലോറി ക്ലീനര്‍ കൃഷ്ണകുമാര്‍ എന്നിവരുമായി അന്വേഷണസംഘം സ്ഫോടക വസ്തുക്കള്‍ കയറ്റിയെന്ന് മൊഴി നല്‍കിയ ബംഗളൂരുവിലേക്ക് തിരിച്ചു. മറ്റു രണ്ടുപേര്‍ ബത്തേരി സ്റ്റേഷനിലാണുള്ളത്. കസ്റ്റഡി കലാവധി കഴിഞ്ഞ് തിരിച്ച് ഇവരെ കോടതിയില്‍ ഹാജരാക്കും. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്തിലുള്ള എട്ടംഗ സംഗമാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.