പനമരം: കണിയാമ്പറ്റ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ലീഗിലും ആഭ്യന്തര കലഹം. ഔദ്യോഗിക സ്ഥാനാർഥികൾ പരാജയപ്പെട്ടത് ഇരു പാർട്ടി നേതാക്കൾക്കിടയിലും അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ രണ്ടര വർഷം വീതം കോൺഗ്രസും ലീഗും വീതംവെക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഏപ്രിലിൽ ആദ്യത്തെ രണ്ടര വർഷത്തെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു. തുടർന്ന് അഭിപ്രായ ഐക്യത്തോടെ പ്രസിഡൻറിനെ കണ്ടെത്താൻ ലീഗിനായില്ല. ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഒരുതവണ തെരഞ്ഞെടുപ്പ് മാറ്റിെവച്ചിരുന്നു. ആറു മാസത്തിനകം അഡ്മിനിസ്ട്രേറ്റിവ് ഭരണം വരും എന്ന ആശങ്കയിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടന്നത്. തെരെഞ്ഞടുപ്പിൽ ലീഗിലെയും കോൺഗ്രസിലെയും രണ്ടംഗങ്ങൾ വീതവും ജനതാദളിലെ രണ്ടംഗങ്ങളും ഒരുമിച്ചുനിന്നതോടെയാണ് ഒൗദ്യോഗിക വിഭാഗത്തിനെതിരെ വിമതപക്ഷം അട്ടിമറിജയം നേടിയത്. കോൺഗ്രസിന് അഞ്ചും ലീഗിന് നാലും ഡയറക്ടർമാരാണുള്ളത്. വൈസ് പ്രസിഡൻറ് സ്ഥാനത്തിൽ കോൺഗ്രസിനും ഇതേ അവസ്ഥയുണ്ടായി. ഇതാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പിന് ഇടയാക്കിയത്. വി.എസ്. സിദ്ദീഖിനെ പ്രസിഡൻറാക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്. എന്നാൽ, നെല്ലോളി അമ്മദും മത്സരിച്ചു. 6 -5 എന്ന വോട്ട് നിലയിൽ അമ്മദിനായിരുന്നു വിജയം. വൈസ് പ്രസിഡൻറായി കോൺഗ്രസ് കണ്ടെത്തിയത് വൈജയന്തിയെയാണ്. കോൺഗ്രസിലെ അരിമുള രമേശനും ഈ സ്ഥാനത്തിനായി മത്സരിച്ചു. 6 -5 എന്ന നിലയിൽ രമേശൻ ജയിച്ചു. എ, ഐ ഗ്രൂപ്പുകളാണ് കോൺഗ്രസിലെ തർക്കങ്ങൾക്ക് കാരണം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അരിമുളയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച രമേശൻ നറുക്കെടുപ്പിലാണ് കോൺഗ്രസിലെ ബിനു ജേക്കബിനോട് തോറ്റത്. പാർട്ടികൾക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങൾ കണിയാമ്പറ്റയിൽ ഏറെ ചർച്ചയായിട്ടുണ്ട്. സസ്പെൻഡ് ചെയ്തു കൽപറ്റ: കണിയാമ്പറ്റ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർേദശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്തതിന് കോൺഗ്രസ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറും ബാങ്ക് ഡയറക്ടറുമായ പി.കെ. ജോർജ്, യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മുൻ മണ്ഡലം പ്രസിഡൻറും ബാങ്ക് ഡയറക്ടറുമായ കെ.എ. രമേശൻ എന്നിവരെയാണ് കെ.പി.സി.സി പ്രസിഡൻറിെൻറ നിർദേശപ്രകാരം പാർട്ടി സ്ഥാനങ്ങളിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തത്. വ്യാപാരിക്ക് മർദനമേറ്റതായി പരാതി സുൽത്താൻ ബത്തേരി: വ്യാപാരി ഹർത്താലിനിടെ കട തുറന്നു പ്രവർത്തിച്ചതിെൻറ പേരിൽ കടയുടമയെ മർദിച്ചതായി പരാതി. ബത്തേരി െഎശ്വര്യ തിയറ്ററിന് സമീപം പ്രവർത്തിക്കുന്ന മോറിൻ ഫൂട്ട്വേർ ഉടമ ഷമീർ മുരിക്കിമ്പുറത്തിനാണ് (42) മർദനമേറ്റത്. ഇയാൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച ഹർത്താലിനിടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതി ഹർത്താലിൽ സഹകരിക്കാത്തതിനാൽ, ഈ സംഘടനയിൽ അംഗമായ ഷമീർ കട തുറന്നിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ രാവിലെ പ്രകടനം നടത്തുന്നതിനിടെ, കട തുറന്നുപ്രവർത്തിച്ചതിെൻറ പേരിൽ തന്നെ മർദിക്കുകയായിരുന്നുവെന്നാണ് ഷമീറിെൻറ പരാതി. അക്രമസംഭവത്തിൽ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.യു. നാസർ, എ.പി. പ്രേഷിന്ത് എന്നിവർ സംസാരിച്ചു. 'അക്ഷയ' വഴി നികുതി അടക്കൽ: പരക്കെ പരാതി വൈത്തിരി: ഭൂമിയുടെ കരം അടക്കുന്നതിന് വില്ലേജ് ഓഫിസിനു പകരം 'അക്ഷയ'യെ ആശ്രയിക്കുന്നത് ദുരിതമാകുന്നതായി പരാതി. നികുതി അടക്കുന്നതിന് സർവിസ് ചാർജ് ഈടാക്കിയാണ് അക്ഷയ സെൻററുകൾ ഇടപാടുകാരെ ദുരിതത്തിലാക്കുന്നത്. മുമ്പ് സേവനം സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ ഒാരോ ഇടപാടിനും 15 രൂപ ഇൗടാക്കുന്നുണ്ട്. അഞ്ചും പത്തും രൂപ നികുതിയുള്ളവനും 15 രൂപ സർവിസ് ചാർജായി അടക്കണമെന്നത് വിരോധാഭാസമായി മാറുന്നു. ഒന്നിലധികം പ്ലോട്ടുകളുള്ളവർക്കാണ് അധിക ചാർജ് നൽകേണ്ടി വരുന്നത്. പണമടച്ചാൽതന്നെ മൂന്നും നാലും ദിവസം കാത്തിരിക്കണമെന്നതാണ് മറ്റൊരു ദുരിതം. ഇതുമൂലം ഒന്നിലധികം തവണ അക്ഷയ സെൻററിൽ കയറിയിറങ്ങേണ്ടി വരുന്നുവെന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലവിധ സേവനങ്ങൾക്കുള്ള കേന്ദ്രമായതുകൊണ്ട് സ്ഥലപരിമിതിയും മറ്റൊരു പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.