റോഡിൽ കാടുകയറി; വന്യമൃഗ ശല്യവും രൂക്ഷം

തിരുനെല്ലി-കാട്ടിക്കുളം റോഡിൽ അപകടം പതിയിരിക്കുന്നു മാനന്തവാടി: റോഡി‍​െൻറ ഇരുവശങ്ങളിലും വളര്‍ന്ന കാട് അപകട ഭീഷണിയുയർത്തുന്നു. തിരുനെല്ലി ക്ഷേത്രം മുതല്‍ കാട്ടിക്കുളം ഇരുമ്പുപാലം വരെയുള്ള ഭാഗത്തെ റോഡിലാണ് കാട് വളര്‍ന്ന് വാഹനഗതാഗതത്തിന് തടസ്സമാവുകയും അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നത്. വന്യമൃഗ ആക്രമണങ്ങൾ കൂടുതലുള്ള ഈ പ്രദേശത്ത് റോഡിലേക്ക് വളര്‍ന്നിറങ്ങിയ കാട് പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. മാനന്തവാടിയില്‍നിന്നും കണ്ണൂര്‍, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കായി വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. റോഡിനിരുവശവും കാടുമൂടിയതിനാല്‍ പലപ്പോഴും കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ കാട്ടില്‍ മറഞ്ഞുനില്‍ക്കുന്നത് യാത്രക്കാർക്ക് കാണാനാകില്ല. വാഹനങ്ങള്‍ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് ഇവയെ കാണാനാവുക. ചില അവസരങ്ങളില്‍ വലിയ അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്കാണ്. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. വാഹനങ്ങളെ പതിവായി ആക്രമിക്കുന്ന രണ്ട് ആനകള്‍കൂടി റോഡരികില്‍ നിലയുറപ്പിച്ചതോടെ യാത്രക്കാർ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഓട്ടോറിക്ഷക്ക് നേരെയും തിരുനെല്ലി--കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിന് നേരെയും ആനയുടെ ആക്രമണമുണ്ടായി. ഒരു മാസത്തിനുള്ളില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം നടന്നു. തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരുന്നവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേർ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന വഴിയിലാണ് ഇത്തരമൊരു അപകട സാഹചര്യം നിലനില്‍ക്കുന്നത്. ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്നവരും റോഡി‍​െൻറ ഘടന പരിചയം ഇല്ലാത്തവരും ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. റോഡരികില്‍ സ്ഥാപിച്ച സൂചനാ ബോര്‍ഡുകളില്‍ ഏറെയും കാടുമൂടി കാണാന്‍ സാധിക്കാത്ത സ്ഥിതിയിലുമാണ്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ വന്യമൃഗങ്ങള്‍ റോഡ്‌ മുറിച്ചുകടക്കുന്നതും അപകടങ്ങള്‍ വർധിക്കാന്‍ ഇടയാക്കുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി വന്യമൃഗശല്യം കുറവുള്ള പനവല്ലി--അറവനാഴി-ആശ്രമം സ്കൂള്‍--തിരുനെല്ലി റോഡ്‌ വീതികൂട്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവില്‍ ഈ റോഡ്‌ ഗതാതയോഗ്യമാണെങ്കിലും വീതി കുറവായതിനാല്‍ വലിയ വാഹങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല. റോഡ്‌ വീതികൂട്ടി കഴിഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ വരുന്നവര്‍ക്കും സ്കൂള്‍ വിദ്യാർഥികള്‍ക്കും ഏറെ ഉപകാരപ്രദമാവുകയും ചെയ്യും. കൂടാതെ മാനന്തവാടിയില്‍നിന്നും തിരുനെല്ലിയിലേക്കുള്ള യാത്രാദൂരം നിലവിലേതിനേക്കാള്‍ എട്ടു കിലോമീറ്റര്‍ കുറയുകയും ചെയ്യും. കര്‍ക്കടക വാവുബലിക്കായി നിരവധി ആളുകള്‍ വരുന്നതിനാല്‍ തുടര്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റോഡിലേക്ക് വളര്‍ന്ന കാട് വെട്ടിമാറ്റി യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇടയാകുമെന്ന ആശങ്കയും ജനം പങ്കുവെക്കുന്നു. SUNWDL6 തിരുനെല്ലി-കാട്ടിക്കുളം റോഡ് കാടുമൂടിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.