ഗേറ്റുംപടി -തൊണ്ടിമ്മൽ റോഡരികിൽ രണ്ടാഴ്ചയോളമാണ് മൃതദേഹാവശിഷ്ടം പ്രദേശവാസികളറിയാതെ കിടന്നത് റോഡരികിൽ മൃതദേഹാവശിഷ്ടം; തിരുവമ്പാടി: റോഡരികിൽ മാലിന്യം തള്ളുന്നത് കുറ്റവാളികൾക്ക് സൗകര്യമാകുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം ഗേറ്റുംപടി- തൊണ്ടിമ്മൽ റോഡരികിൽ മൃതദേഹാവശിഷ്ടം ചാക്കിൽ കെട്ടി തള്ളാനിടയാക്കിയത് പ്രദേശം മാലിന്യം തള്ളുന്ന കേന്ദ്രമായതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടാഴ്ചയോളമാണ് മൃതദേഹം പ്രദേശവാസികളറിയാതെ റോഡരികിൽ കിടന്നത്. ഗേറ്റുംപടി അങ്ങാടിയിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണ് കൈകാലുകളും തലയും വെട്ടിമാറ്റിയ മനുഷ്യ ശരീരാവശിഷ്ടം പ്രദേശവാസികൾ കണ്ടത്. മൃതദേഹം കണ്ട ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഗേറ്റുംപടി -തൊണ്ടിമ്മൽ ക്രോസ് റോഡിന് ഒരു കി.മീ. ദൈർഘ്യമേയുള്ളൂ. റോഡിെൻറ ഇരുവശങ്ങളിലും തിരുവമ്പാടി റബർ എസ്റ്റേറ്റായതിനാൽ ആളൊഴിഞ്ഞ പ്രദേശമാണിവിടം. ടാറിട്ട റോഡിെൻറ ഇരുവശങ്ങളിലും കുറ്റിക്കാടുകളാണ്. തെരുവുവിളക്കില്ലാത്തതിനാൽ രാത്രി കൂരിരുട്ടിലാണ് ഈ റോഡ്. ഇവിടെ ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യം തള്ളാറുണ്ട്. രണ്ടാഴ്ചയായി രണ്ടു ചാക്കുകൾ പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ദുർഗന്ധം വമിക്കുന്ന ചാക്കുകളിൽ അറവുമാലിന്യമായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. വ്യാഴാഴ്ച വൈകീട്ടാണ് ചാക്കുകളിലെ 'മാലിന്യം' പുറത്തിട്ടനിലയിൽ കണ്ടത്. പന്നിയുടെ അവശിഷ്ടമായാണ് മൃതദേഹത്തെ നാട്ടുകാർ സംശയിച്ചത്. തലയും കൈകാലുകളും ഛേദിച്ചനിലയിൽ കമിഴ്ന്നുകിടക്കുന്ന നിലയിലുള്ള അവശിഷ്ടം മനുഷ്യ ദേഹമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാട്ടുകാർ ഞെട്ടിയത്. ദിവസങ്ങളോളം കാൽനടയായും വാഹനങ്ങളിലും ഇതുവഴി പോകുമ്പോൾ തങ്ങൾ 'മാലിന്യ 'മായി തള്ളിക്കളഞ്ഞ ചാക്കിൽ മനുഷ്യദേഹമായിരുന്നുവെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. ഗേറ്റുംപടി തൊണ്ടിമ്മൽ റോഡരികിലെ കാടുവെട്ടി പ്രദേശം മാലിന്യ മുക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. photo: Thiru 1 ശരീരഭാഗങ്ങൾ വെട്ടിമാറ്റിയ മൃതദേഹം കണ്ടെത്തിയ ഗേറ്റുംപടി -തൊണ്ടിമ്മൽ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.