മടവൂർ പഞ്ചായത്തിലെ റേഷൻ കാർഡ് പ്രശ്നം: സർക്കാർ അന്വേഷണത്തിന് നിർദേശം നൽകി കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിൽ എ.ആർ.ഡി 180, 355 റേഷൻ കടകളിൽ റേഷൻ കാർഡ്, നോൺ പ്രയോറിറ്റി വിഭാഗങ്ങളെ നിർണയിച്ചതിൽ വൻ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും നിർദേശം നൽകി. മുഖ്യമന്ത്രി സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറോടും ഭക്ഷ്യമന്ത്രി ജില്ല സപ്ലൈ ഓഫിസറോടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്. മടവൂരിൽ റേഷൻ കാർഡ് പ്രയോറിറ്റി ലിസ്റ്റിൽ വൻ അപാകതയുള്ളതായും നിരവധി പാവപ്പെട്ടവരും അർഹതയുള്ളവരുമായ കുടുംബങ്ങൾ ഒഴിവാക്കപ്പെട്ടതായും സമ്പന്നരും അനർഹരുമായ നിരവധി കുടുംബങ്ങളെ ഉൾപ്പെടുത്തിയതായും കാണിച്ച് കാർഡുടമകൾ സമർപ്പിച്ച നിവേദനം പരിഗണിച്ചാണ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയത്. റേഷൻ കാർഡ് പ്രയോറിറ്റി ലിസ്റ്റ് അംഗീകരിക്കാൻ മടവൂരിൽ ഗ്രാമസഭകൾ ചേർന്നിട്ടില്ലെന്നും ഇപ്പോൾ നൽകിയ റേഷൻ കാർഡുകൾ സംബന്ധിച്ച ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. മേൽനമ്പർ റേഷൻ കടകളിൽ പ്രയോറിറ്റി ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം കത്തു നൽകിയ അമ്പതോളം സമ്പന്നകുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം മഞ്ഞ, ചുവപ്പ് കാർഡുകളാണത്രെ ലഭിച്ചത്. അർഹതയുണ്ടെന്നു കാണിച്ച് അപേക്ഷ സമർപ്പിക്കപ്പെട്ട പലർക്കും നോൺപ്രയോറിറ്റി കാർഡ് നൽകി റേഷൻ ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുകയുമാണ്. മുഖ്യമന്ത്രി, ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി, ജില്ല കലക്ടർ, ജില്ല സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ തുടങ്ങിയവർക്കാണ് പരാതി സമർപ്പിച്ചത്. വാദി ഹുസ്ന ഹജ്ജ് ക്ലാസ് ആരംഭിച്ചു കൊടുവള്ളി: എളേറ്റിൽ വാദിഹുസ്ന കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് ക്ലാസ് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാദിഹുസ്ന സെക്രട്ടറി കെ.കെ. ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉബൈദ് ഫൈസി പാറന്നൂർ, അബൂബക്കർ ഫൈസി, ഷബീർ അഹ്സനി, കെ.കെ. ഇമ്പിച്ചി മമ്മാലി ഹാജി, കെ.കെ. ഇബ്രാഹീം മുസ്ലിയാർ, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ, മുജീബ് പുത്തലത്ത് എന്നിവർ ക്ലാസെടുത്തു. ജന. സെക്രട്ടറി കാരാട്ട് ഖാദർ മാസ്റ്റർ സ്വാഗതവും പി.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ നന്ദിയും പറഞ്ഞു. ക്ലാസ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.