ജില്ല കലക്ടറുടെ അദാലത്തിൽ 354 പേർക്ക് കൂടി വീട് നിർമാണ അനുമതി

കോഴിക്കോട്: പന്തലായനി ബ്ലോക്ക് ഓഫിസിൽ നടന്ന ജില്ല കലക്ടർ യു.വി. ജോസി​െൻറ അദാലത്ത് 'കൈയെത്തും ദൂരത്ത്' രണ്ടാംദിവസം 354 പേർക്ക് വീട് നിർമാണത്തിന് അനുമതി നൽകി ഉത്തരവായി. ആകെ വന്ന 693 അപേക്ഷകളിൽ 207 എണ്ണം പുനഃപരിശോധനക്ക് വിട്ടു. 132 അപേക്ഷകൾ തള്ളി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന അദാലത്തിൽ 355 അപേക്ഷകളിൽ അനുമതി നൽകിയിരുന്നു. ഇതുവരെ ആകെ 709 അപേക്ഷകളിൽ അനുമതി നൽകാനായി. കോഴിക്കോട് അദാലത്തിൽ ആറുവർഷത്തിലേറെ പഴക്കമുള്ള കേസുകൾ അടക്കം തീർപ്പാക്കാൻ കഴിഞ്ഞതായി ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. സർക്കാർ മുൻഗണന നൽകുന്നത് വീടിനാണ്. അതിനാണ് ലൈഫ് പദ്ധതി നടപ്പിലാക്കുന്നതെന്ന് -കലക്ടർ പറഞ്ഞു. ജില്ലയിലെ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നീ ഓഫിസുകളിലും കൃഷി ഓഫിസുകൾ, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസ്, റവന്യൂ ഡിവിഷനൽ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലും 2017 ഏപ്രിൽ 30 വരെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ സ്ഥലത്തെ വീട് നിർമാണത്തിന് അനുമതി ആവശ്യപ്പെട്ട്് സമർപ്പിച്ച അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിനാണ് അദാലത് സംഘടിപ്പിച്ചത്. കലക്ടർക്ക് പുറമെ എ.ഡി.എം ടി. ജനിൽകുമാർ, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 11ന് വടകര ബ്ലോക്ക് ഓഫിസിലാണ് അദാലത്. രാവിലെ വടകര, തൂണേരി ബ്ലോക്കുകൾ, വടകര നഗരസഭ എന്നിവയിലെയും ഉച്ചക്ക് കുന്നുമ്മൽ, തോടന്നൂർ ബ്ലോക്കുകളിലെയും പരാതികൾ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.