കെട്ടിടത്തിന് നമ്പർ നൽകുന്നില്ല: ആത്മഹത്യഭീഷണിയുമായി യുവാവ് പേരാമ്പ്ര: വർഷങ്ങളായി പഞ്ചായത്ത് ഒാഫിസ് കയറിയിറങ്ങിയിട്ടും കെട്ടിടത്തിന് നമ്പർ ലഭിക്കാത്തതിൽ മനംമടുത്ത യുവാവ് ജില്ല കലക്ടർക്ക് ആത്മഹത്യകുറിപ്പ് നൽകി. കരുവണ്ണൂരിലെ കഴുക്കോട്ട് മോഹനനാണ് നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറിക്കും സീനിയർ ക്ലർക്കിനുമെതിരെ ആരോപണമുന്നയിച്ച് ആത്മഹത്യകുറിപ്പ് നൽകിയത്. ഒമ്പതുവർഷം മുമ്പ് കരുവണ്ണൂരിൽ ഇദ്ദേഹവും മറ്റ് നാലുപേരും ചേർന്നുണ്ടാക്കിയ കെട്ടിടത്തിന് പഞ്ചായത്ത് പെർമിറ്റ് നൽകി. തുടർന്ന് ഒന്നാംനില നിർമിച്ചശേഷം നമ്പറിന് പോയപ്പോഴാണ് തടസ്സവാദമുന്നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. കെട്ടിടനമ്പർ ലഭിക്കാതായതോടെ ഹൈകോടതിയെയും തദ്ദേശസ്വയംഭരണ വകുപ്പിനായുള്ള ട്രൈബ്യൂണലിനെയും സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതായും 30 ദിവസം കൊണ്ട് ഈ കാര്യത്തിൽ നടപടിയെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടതായും പറയുന്നു. ഈ വിധി നടപ്പിലാകാത്തതിനെ തുടർന്ന് ജൂൺ 27ന് ജില്ല കലക്ടറെ സമീപിച്ച് ആത്മഹത്യകുറിപ്പ് കൊടുക്കുകയായിരുന്നു. നടുവണ്ണൂർ പഞ്ചായത്ത് ഒാഫിസിനു മുന്നിൽ എട്ടാംദിവസം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുമെന്നാണ് പറയുന്നത്. കെട്ടിടം പ്രവൃത്തി പൂർത്തിയാവാത്തതുകൊണ്ട് ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയുന്നില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.