അതിരുകളില്ലാത്ത ആഹ്ലാദമഴയിൽ അവരുടെ കുടുംബസംഗമം

കോഴിക്കോട്: വെല്ലുവിളികൾ മാറി നിൽക്കുകയായിരുന്നു അവർ വേദിയിൽ കയറിയപ്പോൾ. എല്ലാം മറന്ന് ആടിയും പാടിയും അഭിനയിച്ചും അവർ വേദിയും സദസ്സിലുള്ളവരുടെ ഹൃദയവും കീഴടക്കി. ഒന്നിനും വയ്യാത്തവരാണെന്നുപറഞ്ഞ് സമൂഹം മാറ്റിനിർത്തിയ ഒരുകൂട്ടം കുട്ടികൾ തങ്ങളുടെ ഒത്തുചേരൽ ആഘോഷിക്കുകയായിരുന്നു. അരക്കുകീഴെ തളർന്ന് കസേരയിലിരിക്കുകയാണെങ്കിലും അതൊന്നും വകവെക്കാതെ കൈയും തലയുമിളക്കി 15കാരി സൂര്യ രമേശൻ നൃത്തമാടിയപ്പോൾ സദസ്സ് നിർത്താതെ കരഘോഷമുയർത്തി. നവീൻ സജീവി​െൻറ വയലിൻ താളവും ആസ്വാദകരിൽ ആനന്ദമുണർത്തി. കോർപറേഷനും പരിവാർ കൂട്ടായ്മയും ചേർന്ന് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്കായി ഒരുക്കിയ കുടുംബസംഗമത്തിൽനിന്നുള്ള കാഴ്ചകളായിരുന്നു ഇത്. കണ്ടംകുളം ജൂബിലി ഹാളിൽ ഒരുക്കിയ കുടുംബസംഗമത്തിലും പൊതുസഭയിലും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 200ലേറെ പേരും അവരുടെ കുടുംബാംഗങ്ങളുമായി 500ലേറെ പേർ പങ്കെടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്കാവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ മീര ദർശക് മുഖ്യാതിഥിയായിരുന്നു. കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. നാഷനൽ പരിവാർ വൈസ് പ്രസിഡൻറ് എം. സുകുമാരൻ, നാസർബാബു, പി. സിക്കന്തർ എന്നിവർ സംസാരിച്ചു. പ്രഫ. കെ. കോയട്ടി സ്വാഗതവും തെക്കയിൽ രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.