അഴിയൂർ ചെക്പോസ്റ്റ് ഇനി ഡിക്ലറേഷൻ കലക്ഷൻ സെൻറർ വടകര: ജി.എസ്.ടി പ്രഖ്യാപനത്തിലൂടെ രാജ്യം ഏകീകൃതനികുതിയിലേക്ക് മാറിയതോടെ പുതുച്ചേരി സംസ്ഥാനത്തിൽ ഉൾപ്പെടുന്ന മാഹിക്കുസമീപം അഴിയൂർ അടക്കമുള്ള വിൽപനനികുതി ചെക്പോസ്റ്റുകളുടെ പ്രസക്തി നഷ്ടപ്പെടുന്നു. ചരക്കുസേവനനികുതിയിൽ വിൽപനനികുതി ചെക്പോസ്റ്റിന് നിയമപരമായി സാധുത ഇല്ലാത്തതിനാലാണ് അഴിയൂർ, മാഹിപാലം, പാറാൽ, മേക്കുന്ന് എന്നീ ചെക്പോസ്റ്റുകൾ തൽക്കാലം ഡിക്ലറേഷൻ കലക്ഷൻ സെൻററുകൾ മാത്രമാകുന്നത്. ചരക്കുസേവനനികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികനടപടികളും പൂർത്തിയാകുന്നതുവരെ ചെക്പോസ്റ്റുകൾ ഇതേ നിലയിൽ തുടരും. പുതുച്ചേരി സംസ്ഥാനത്തിെൻറ ഭാഗമായ മാഹിയിലെ താരതമ്യേന കുറവനുഭവപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന നികുതിവെട്ടിപ്പ് തടയാനാണ് മാഹിക്ക് നാലതിർത്തിക്കു സമീപമായി ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ഇലക്ട്രിക് -പ്ലംബിങ് ഉൽപന്നങ്ങൾ, ടൈൽസ്, വയറിങ് സാധനങ്ങൾ, സാനിറ്ററി ഉപകരണങ്ങൾ, കോഴി എന്നിവയാണ് മാഹിയിലേക്ക് എത്തിച്ച് നികുതിവെട്ടിപ്പിലൂടെ കേരളത്തിലേക്ക് കടത്തിവന്നിരുന്നത്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി കുറവുള്ള മാഹിയിലേക്കെന്ന വ്യാജേന ഇവിടെയിറക്കുന്ന സാധനങ്ങൾ കടത്തുക വഴി സംസ്ഥാനത്തിന് നികുതി വെട്ടിപ്പിലൂടെ വൻ നഷ്ടമാണുണ്ടായിരുന്നത്. ട്രാൻസിസ്റ്റ് പാസ് സറണ്ടർ ചെയ്യൽ, എൻട്രി ചെയ്യൽ, നോട്ടീസ് നൽകൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കൽ, ചരക്ക് വാഹന പരിശോധന തുടങ്ങിയവയാണ് ചെക്ക്പോസ്റ്റിലെ പ്രധാന ജോലികൾ. ജി.എസ്.ടി സംവിധാനം നിലവിൽവന്നതോടെ വാഹനപരിശോധന ഇല്ലാതാകും. പരിശോധന അവസാനിപ്പിച്ചതോടെ എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കുഞ്ഞിപ്പള്ളി ടൗണിന് മോചനമായി. പരിശോധനക്കായി കുഞ്ഞിപ്പള്ളി ചെക്പോസ്റ്റിൽ ട്രക്കുകളടക്കമുള്ള വലിയവാഹനങ്ങൾ നിർത്തിയിടുന്നത് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതതടസ്സത്തിനും കാരണമാവാറുണ്ടായിരുന്നു. എപ്പോഴും തിരക്ക് അനുഭവപ്പെട്ടിരുന്ന ചെക്പോസ്റ്റിലെ നീണ്ടവരി ശനിയാഴ്ച മുതൽ ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.