ഉള്ള്യേരി-കുറ്റ്യാടി റോഡ് സംസ്ഥാനപാതതന്നെയെന്ന് പി.ഡബ്ല്യു.ഡി ഉള്ള്യേരി-കുറ്റ്യാടി റോഡ് സംസ്ഥാനപാതതന്നെയെന്ന് പി.ഡബ്ല്യു.ഡി തുറന്ന മദ്യഷാപ്പുകൾ അടക്കേണ്ടി വരും പേരാമ്പ്ര: ഉള്ള്യേരി-കുറ്റ്യാടി റോഡ് സംസ്ഥാനപാതതന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ്, എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് നോട്ടീസ് നൽകി. ഇതോടെ ഇത് ജില്ല പാതയാണെന്ന് കാണിച്ച് തുറന്ന വിദേശ മദ്യഷാപ്പും കള്ള് ഷാപ്പുകളും ബാറും അടക്കേണ്ടി വരും. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് നോട്ടീസ് നൽകിയെങ്കിലും നോട്ടീസിൽ സീൽ പതിച്ചിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാൽ, സീൽ പതിച്ച് ശനിയാഴ്ചതന്നെ നോട്ടീസ് അയച്ചതായി എ.ഇ 'മാധ്യമ'ത്തോട് പറഞ്ഞു. ഉള്ള്യേരി-കുറ്റ്യാടി പാത ഉൾപ്പെടുന്ന കോഴിക്കോട് പുതിയങ്ങാടി--കണ്ണൂർ താഴെ ചൊവ്വ റോഡ് സംസ്ഥാനപാത 38 ആണ്. സംസ്ഥാനപാതയോരത്തെ മദ്യഷാപ്പുകൾ അടക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ എസ്.എച്ച് 38ൽ ഉൾപ്പെടുന്ന ഉള്ള്യേരി-കുറ്റ്യാടി പാത ജില്ല പാതയായി പ്രഖ്യാപിക്കുകയും അടച്ച മദ്യഷാപ്പുകൾ തുറക്കുകയുമായിരുന്നു. ഇത് ഏത് പാതയാണെന്ന് വ്യക്തത വരുത്താൻ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ് നൽകിയതെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ വ്യക്തമാക്കുന്നത്. കൈതക്കൽ, പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരം, മാർക്കറ്റ് പരിസരം മൂരികുത്തി, കടിയങ്ങാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കള്ള്ഷാപ്പിനും പേരാമ്പ്ര മാർക്കറ്റ് പരിസരത്തെ ബിവറേജസ് ഷോപ്പിനും പൈതോത്ത് റോഡിൽ പ്രവർത്തിക്കുന്ന ബാറിനുമാണ് വീണ്ടും താഴ് വീഴുക. നേരെത്തെ ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചപ്പോൾ ഇത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാൻ ഊർജിതശ്രമം നടത്തിയിരുന്നു. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പ് കാരണം ഇതെല്ലാം പരാജയപ്പെട്ടു. അപ്പോഴാണ് ഈ റോഡ് ജില്ല പാതയാണെന്ന ഉത്തരവുണ്ടാവുന്നത്. ഇതോടെ മദ്യഷാപ്പ് വീണ്ടും തുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.