താമരശ്ശേരി: അരനൂറ്റാണ്ടിലധികമായി ദേശീയപാത 212ൽ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിച്ചുവന്ന ചെക്ക്പോസ്റ്റ് വിസ്മൃതിയിലേക്ക്. ദേശീയപാതക്കിരുവശവും ഗതാഗതക്കുരുക്കുവരെ സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന അന്തർജില്ല -സംസ്ഥാന ചരക്കുലോറികൾ ജി.എസ്.ടി നിലവിൽവന്നതോടെ അപ്രത്യക്ഷമായി. ആളൊഴിഞ്ഞ ഉത്സവപറമ്പുപോലെ ചെക്ക്പോസ്റ്റും പരിസരവും ഒറ്റദിവസംകൊണ്ട് വിജനമായി. 1964ൽ സ്ഥാപിച്ച ചെക്ക്പോസ്റ്റ് തുടക്കത്തിൽ വിൽപന നികുതി ചെക്ക്പോസ്റ്റായും പിന്നീട് വാണിജ്യനികുതി ചെക്ക്പോസ്റ്റായും ഉയർത്തുകയായിരുന്നു. അന്തർസംസ്ഥാന ജില്ല ചരക്കുകടത്താണ് ഇവിടെ പരിശോധിച്ചിരുന്നത്. ഓരോ മാസവും വൻതുക നികുതിവെട്ടിപ്പുകാരിൽനിന്ന് വസൂലാക്കി സർക്കാറിലേക്ക് അടച്ചിരുന്ന ഈ സ്ഥാപനത്തിൽ ഒരു ഇൻസ്പെക്ടർ, ഒരു ഹെഡ്ക്ലർക്ക്, ക്ലർക്ക്, പ്യൂൺ എന്നിവരാണ് ഉണ്ടായിരുന്നത്. ചെക്ക്പോസ്റ്റുമായി ആശ്രയിച്ച് ജീവിച്ച നിരവധിപേരുടെ അന്നമാണ് ചെക്ക്പോസ്റ്റ് നിർത്തലാക്കിയതോടെ നിലച്ചത്. ലോറി ഗൈഡുമാർ, ഡിക്ലറേഷനുകൾ എഴുതിത്തയാറാക്കുന്നവർ, തട്ടുകടക്കാർ, ചെക്ക്പോസ്റ്റിലെ സഹായികൾ തുടങ്ങിയവരുടെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. സർക്കാർ അധീനതയിലുള്ള സ്ഥലവും കെട്ടിടവും ഉപയോഗെപ്പടുത്തി ഇവിടെ ജി.എസ്.ടി ഓഫിസ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇപ്പോൾ നികുതിസംബന്ധമായ കാര്യങ്ങൾക്ക് കോഴിക്കോടിനെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.