മാനവമഹാസംഗമം: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നഗരം

കോഴിക്കോട്: ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന മാനവമഹാസംഗമവുമായി ബന്ധപ്പെട്ട് നഗരം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. സിറ്റി പൊലീസ് മുന്‍കൂട്ടി ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താത്തതാണ് നിരവധി വാഹനങ്ങളുള്‍പ്പെടെ യാത്രക്കാരെ പെരുവഴിയിലാക്കിയത്. അഞ്ചുമണിക്ക് പ്രകടനം ആരംഭിച്ചപ്പോള്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി എട്ടരയോടെയാണ് ഏതാണ്ട് ഒഴിവായത്. നഗരത്തില്‍ വലിയ പ്രകടനവും മറ്റും നടക്കുമ്പോള്‍ ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പ്രത്യേക റൂട്ടില്‍ വന്ന് ആളെ ഇറക്കിയശേഷം നിശ്ചിത സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് മുന്‍കൂട്ടി അറിയിക്കാറുണ്ട്. എന്നാല്‍, ഡി.സി.സിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് ഒരു മുന്നൊരുക്കവും നടത്തുകയോ അറിയിപ്പ് നല്‍കുകയോ ചെയ്യാത്തതാണ് മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടാക്കിയതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു. മാവൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് എത്താനാവാത്തതും ദുരിതമായി. ബാലുശ്ശേരി, നരിക്കുനി, കൊയിലാണ്ടി, അത്തോളി ഉള്‍പ്പെടെ ചില റൂട്ടുകളിലെ ബസുകള്‍ സമയം വൈകിയതിനാല്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാതെ മാനാഞ്ചിറയിലും മറ്റും ആളുകളെ ഇറക്കി പുതിയ ട്രിപ് പോവുകയായിരുന്നു. പ്രകടനം തുടങ്ങിയതുമുതല്‍ മാവൂര്‍ റോഡില്‍ ഗതാഗത തടസ്സമായിരുന്നു. ആദ്യം മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. ഇതോടെ ഈ റൂട്ടിലെ വാഹനങ്ങള്‍ അരയിടത്തുപാലത്തില്‍ പ്രവേശിപ്പിക്കാതെ പുതിയറ റോഡിലേക്ക് തിരിച്ചുവിട്ടു. പ്രകടനത്തിന്‍െറ മുന്‍നിര മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനടുത്തത്തെിയതോടെ രാജാജി റോഡില്‍ കുരുക്ക് തുടങ്ങി. പ്രകടനം ബാങ്ക് റോഡിലത്തെിയപ്പോള്‍ ഈ റൂട്ടും കുരുക്കില്‍പ്പെട്ടു. ഇതോടെ കടപ്പുറം ഭാഗത്തുനിന്ന് സി.എച്ച് മേല്‍പ്പാലം വഴിവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും പൊലീസ് തടഞ്ഞു. പ്രകടനം മാനാഞ്ചിറയിലത്തെിയതോടെ പൊക്കുന്ന്, പന്തീരാങ്കാവ് റൂട്ടിലെ ബസുകളും കുരുക്കില്‍പ്പെട്ടു. മാത്രമല്ല, പാവമണി റോഡിലും മുതലക്കുളത്തും കുരുക്ക് തുടങ്ങി. മുതലക്കുളത്തത്തെിയവരെ മുഴുവന്‍ മൈതാനത്തേക്ക് മാറ്റിയതോടെയാണ് ഈ റോഡ് വഴി വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്. പരിപാടി തീര്‍ന്നതോടെയാണ് കുരുക്ക് ഏതാണ്ട് ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.