നഗരത്തിലെ തീപ്പിടിത്തം: നടപടിയുമായി നഗരസഭ

കോഴിക്കോട്: നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തില്‍ വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പാലിക്കുന്നില്ളെന്നും അടിയന്തര ഘട്ടത്തില്‍ ഫയര്‍ ഫോഴ്സടക്കമുള്ളവര്‍ക്ക് രക്ഷാപ്രവര്‍ത്തനം പോലും സാധ്യമാകാത്ത വിധമാണ് കെട്ടിടങ്ങളുടെ നില്‍പെന്നും കാണിച്ച് കെ.കെ.റഫീഖിന്‍െറ ശ്രദ്ധ ക്ഷണിക്കലിനെ തുടര്‍ന്നാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മാവൂര്‍റോഡില്‍ കത്തിയ കെട്ടിടത്തിലെ വാടകക്കാരും കെട്ടിട ഉടമയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തടസ്സമായതായി കണ്ടതായി മേയര്‍ പറഞ്ഞു. നിര്‍മാണത്തിലെ പിഴവുകള്‍ക്ക് പിഴ ചുമത്തിയുള്ള നിയമത്തിലെ ഇളവുകള്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നു. പരിശോധന കര്‍ക്കശമാക്കാനും നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമാണ് തീരുമാനം. 18 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. പൊലീസ്, ആര്‍.ഡി.ഒ, അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. ടാഗോര്‍ ഹാളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന യോഗത്തിന്‍െറ തീയതി വ്യാപാരികളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂനിയന്‍ മേയര്‍ക്ക് സമര്‍പ്പിച്ച സര്‍വേ ലിസ്റ്റും നിവേദനവും കൗണ്‍സില്‍ അംഗീകാരത്തോടെ സര്‍ക്കാറിനയക്കുന്നതിനുള്ള മേയറുടെ നിര്‍ദേശം കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നത് പ്രതിപക്ഷത്തിന്‍െറ രൂക്ഷ വിമര്‍ശനത്തിനിടയാക്കി. രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടനയുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ അംഗീകാരത്തോടെ സര്‍ക്കാറിനയക്കേണ്ട കാര്യമില്ളെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവരെ ഉള്‍പ്പെടുത്തി തയാറാക്കിയ ലിസ്റ്റാണെന്നും തങ്ങള്‍ക്ക് ചെയ്യാനാവാത്ത നല്ല കാര്യം മറ്റുള്ളവരും ചെയ്യേണ്ടെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും ഭരണപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയടക്കം അംഗങ്ങളുടെ എതിര്‍പ്പോടെ 22ന് എതിരെ 43 വോട്ടിന് അജണ്ട പാസാക്കുകയായിരുന്നു. ജില്ലയില്‍ യു.ഡി.എഫിന്‍േറതടക്കം 52 പഞ്ചായത്തുകള്‍ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ലിസ്റ്റ് അംഗീകരിച്ച് സര്‍ക്കാറിന് അയച്ചതായി ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. ആനക്കുളം സാംസ്കാരിക നിലയം ഹാളുകളുടെ വാടക സംബന്ധിച്ച ധനകാര്യ സ്ഥിരം സമിതി ശിപാര്‍ശകള്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതു പ്രകാരം ഡോര്‍മിറ്ററിക്ക് 15 പേര്‍ക്ക് ചുരുങ്ങിയത് ദിവസം ആയിരം രൂപയും റിഹേഴ്സലിന് 200 രൂപയും ഹാളിലെ സേ്റ്റജിനും പടിഞ്ഞാറ് ഭാഗത്തെ വലിയ ഹാളിനും ആംഫി തിയേറ്ററിനും രണ്ടായിരം രൂപ വീതവും ഈടാക്കും. എം.സി അനില്‍കുമാര്‍, അഡ്വ. സി.കെ. സീനത്ത്, പി.കെ. ഷാനിയ, കെ നജ്മ, സി.പി ശ്രീകല എന്നിവരും വിവിധ വിഷയങ്ങളില്‍ ശ്രദ്ധക്ഷണിച്ചു. വിവിധ വിഷയങ്ങളില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സ്ഥിരംസമിതി അധ്യക്ഷരായ എം രാധാകൃഷ്ണന്‍, പി.സി. രാജന്‍, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, കൗണ്‍സിലര്‍മാരായ പി. ബിജുലാല്‍, എന്‍.പി പത്മനാഭന്‍ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.