ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ മാനദണ്ഡം: നോട്ടീസ് ലഭിച്ചിട്ടും നടപ്പാക്കിയില്ല

കോഴിക്കോട്: ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നോട്ടീസ് ലഭിച്ച കെട്ടിടങ്ങള്‍പോലും അവ പാലിക്കുന്നില്ല. അടിക്കടി തീപിടിത്തമുണ്ടായിട്ടും അധികൃതരുടെ നിര്‍ദേശം അവഗണിക്കുന്നതിനെതിരെ കോര്‍പറേഷന്‍ നടപടിയില്‍ വീഴ്ചപറ്റിയതായും ആക്ഷേപമുണ്ട്. പല കെട്ടിടങ്ങള്‍ക്കും ആവശ്യമായ അഗ്നിസുരക്ഷ സംവിധാനങ്ങളില്ളെന്നു കാണിച്ച് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് അസി. ഡിവിഷനല്‍ ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും നടപടി കൈക്കൊള്ളുന്നതില്‍ വലിയ വീഴ്ചസംഭവിച്ചതാണ് അടിക്കടിയുള്ള തീപിടിത്തത്തിന് കാരണമാകുന്നത്. തീപിടിത്തമുണ്ടാകുന്നത് അര്‍ധരാത്രിയായതിനാല്‍ മാത്രമാണ് പലപ്പോഴും വന്‍ ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടുന്നത്. നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ സുരക്ഷ സംവിധാനങ്ങള്‍ പാലിക്കുന്നില്ളെന്നു ചൂണ്ടിക്കാണിച്ച് കഴിഞ്ഞ നവംബറിലാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ജില്ല കലക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. ഏതാനും കെട്ടിട ഉടമകള്‍ മാത്രമാണ് പരിഹാര നടപടി സ്വീകരിച്ചത്. നോട്ടീസ് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദുരന്തനിവാരണ സേന ജില്ല ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടെങ്കിലും ഏതാനും കെട്ടിടങ്ങള്‍ മാത്രമാണ് അടച്ചത്. മുക്കം മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജും അനുബന്ധ കെട്ടിടങ്ങളും നഗരത്തിലെ സ്കൈ ടവര്‍ കെട്ടിടസമുച്ചയവുമാണ് കോര്‍പറേഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ അടപ്പിച്ചത്. നഗരത്തിലെ പ്രമുഖ വ്യാപാര-വാണിജ്യ സമുച്ചയങ്ങളും ആശുപത്രികളും ഉള്‍പ്പെടെ പത്തോളം കെട്ടിടങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയിരുന്നു. മാവൂര്‍ റോഡിലെ മര്‍കസ് കോംപ്ളക്സ്, ഗോള്‍ഡന്‍ പ്ളാസ, നാഷനല്‍ ആശുപത്രി എന്നിവയും നോട്ടീസ് ലഭിച്ച സ്ഥാപനങ്ങളാണ്. ഇതില്‍ മര്‍കസ് കോംപ്ളക്സില്‍ അഗ്നിസുരക്ഷ സംവിധാനം സ്ഥാപിച്ചതായി മാനേജര്‍ വാര്‍ത്തക്കുറിപ്പ് ഇറക്കിയതല്ലാതെ മറ്റുള്ളവരൊന്നും നടപടി സ്വീകരിച്ചില്ല. സുരക്ഷ മാനദണ്ഡം പാലിക്കാത്തതിനാല്‍ മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് ഇതുവരെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. കെട്ടിടത്തിനു മുകളില്‍ ഷീറ്റിട്ടത് മാറ്റണമെന്നും കോണിപ്പടികള്‍ വീതികൂട്ടണമെന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷ അനുമതി ലഭിക്കാത്തതിനാല്‍ കെട്ടിടത്തിന് കോര്‍പറേഷന്‍ നമ്പറും ലഭിച്ചിട്ടില്ല. എന്നാല്‍, സുരക്ഷ മാനദണ്ഡമില്ലാതിരുന്നിട്ടും ഇവിടെ ദിവസവും നിരവധി ബസുകളും യാത്രികരും വന്നുപോകുന്നുണ്ട്. നമ്പര്‍പോലും ലഭിക്കാത്ത കെട്ടിടത്തിലത്തെുന്നവരുടെ സുരക്ഷ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ചോദിക്കുന്നു. സുരക്ഷ പരിശോധിക്കാന്‍ നഗരത്തില്‍ ഒമ്പതു സര്‍ക്കിളുകളായി തിരിച്ച് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ചുമതല വീതിച്ചുനല്‍കിയിട്ടുണ്ട്. ഇതിനു പുറമെ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍, ചെറുവണ്ണൂര്‍, എലത്തൂര്‍ സര്‍ക്കിളിലും പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.