കോഴിക്കോട്: നിരക്കുവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ആഹ്വാനംചെയ്ത സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. 300ലേറെ സിറ്റി ബസുകളും 1500ലേറെ ലൈന്‍ ബസുകളും ഉള്‍പ്പെടെ 1800ലേറെ ബസുകളാണ് ജില്ലയില്‍ സര്‍വിസ് നടത്തുന്നത്. ഇവ മുഴുവന്‍ സമരത്തില്‍ പങ്കെടുത്തു. പണിമുടക്ക് ഗ്രാമീണമേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കിയെങ്കിലും ബൈക്കുകളും കാറുകളുമടക്കം പരമാവധി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതിനാല്‍ നഗരത്തെ ബസ് പണിമുടക്ക് കാര്യമായി ബാധിച്ചില്ല. നഗരത്തിലെ ഹൈസ്കൂളുകളിലും കോളജുകളിലും ഹാജര്‍നില കുറവായിരുന്നു. ഓഫിസുകളും കച്ചവടസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പതിവു സര്‍വിസുകള്‍ക്കുപുറമെ ചില റൂട്ടുകളില്‍ സ്പെഷല്‍ ബസുകള്‍ ഓടിച്ചു. കോഴിക്കോട്-ബാലുശ്ശേരി, കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-മെഡിക്കല്‍ കോളജ്-കുന്ദമംഗലം റൂട്ടുകളില്‍ ഒരോ സ്പെഷല്‍ ബസുകളാണ് സര്‍വിസ് നടത്തിയത്. കലക്ഷന്‍ കുറവുകാരണം സര്‍വിസ് റദ്ദാക്കുന്ന ചില ബസുകളും ചൊവ്വാഴ്ച സര്‍വിസ് നടത്തി. ഗ്രാമീണമേഖലയില്‍ പലര്‍ക്കും ജീപ്പ് സര്‍വിസുകളായിരുന്നു ആശ്രയം. ഇവര്‍ അമിതതുക ഈടാക്കിയതായി വിവിധഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നു. മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് രണ്ടുരൂപയാക്കുക, നികുതിവര്‍ധന പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് ക്ളെയിമിന്‍െറ ഭേദഗതിയില്‍ നിജപ്പെടുത്തിയ പരിധി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.