വര്‍ഗീയതയും മയക്കുമരുന്നും കാമ്പസിന് പുറത്തുനിര്‍ത്തണം –മുഖ്യമന്ത്രി

കുന്ദമംഗലം: സമൂഹത്തെ കാര്‍ന്നുതിന്നുന്ന വര്‍ഗീയതയെയും മയക്കുമരുന്നിനെയും കാമ്പസിന് പുറത്ത് നിര്‍ത്താന്‍ വിദ്യാര്‍ഥി സമൂഹം തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരന്തൂര്‍ മര്‍ക്കസ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമതത്തിലും ജാതിയിലുംപെട്ടവരാണെങ്കിലും എല്ലാവരും സഹോദരങ്ങളാണ്. വര്‍ഗീയത മറ്റ് മതസ്ഥരെ ശത്രുവായി കാണാനാണ് പഠിപ്പിക്കുന്നത്. നിര്‍മലമായ മനസ്സുള്ള കുട്ടികളില്‍ ഒരുതരത്തിലുള്ള വെറുപ്പിന്‍െറയോ വിദ്വേഷത്തിന്‍െറയോ പകയുടെയോ അംശങ്ങള്‍ കുത്തിവെക്കാന്‍ പാടില്ല. എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സ്വഭാവം രൂപപ്പെട്ടുവരുന്നത്. ഇവിടെയാണ് മതനിരപേക്ഷതയുടെ പ്രസക്തി മനസ്സിലാക്കേണ്ടത്. വര്‍ഗീയത സമൂഹത്തിന്‍െറ ദു$ഖമാണ്. വിദ്യാഭ്യാസമേഖലയില്‍ കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് നാം കേള്‍ക്കുന്നത്. മറ്റേത് മേഖലയെയും പോലെ ഈ രംഗത്തും കടന്നുകൂടിയ ലാഭക്കൊതിയാണ് ഇതിന് കാരണം. വിദ്യാഭ്യാസത്തിന്‍െറ ലാഭമെന്നത് കാര്യക്ഷമതയും പ്രതിബദ്ധതയുമുള്ള പുതിയ തലമുറയെ സൃഷ്ടിക്കലാണെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, സി. മുഹമ്മദ് ഫൈസി, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, വിനോദ് പടനിലം, പട്ടാളിയില്‍ ബഷീര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. അബ്ദുസ്സലാം, സി. മനോജ് എന്നിവര്‍ സംസാരിച്ചു. ജാമിഅ മര്‍ക്കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി സ്വാഗതവും മര്‍ക്കസ് ബോയ്സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.