കോഴിക്കോട്: കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലുണ്ടാക്കുന്ന ചപ്പാത്തി വില്‍പനക്ക് പ്രത്യേക സംവിധാനം ഒരുക്കിയപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വിപണന സൗകര്യമൊരുക്കാത്തതിനാല്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നീക്കം. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുന്‍കൂര്‍ ലഭിക്കുന്ന ഓര്‍ഡര്‍ പ്രകാരം മാത്രം ചപ്പാത്തി ഉണ്ടാക്കുന്നതാണ് ഇവിടുത്തെ രീതി. അലക്സാണ്ടര്‍ ജേക്കബ് ജയില്‍ ഡി.ജി.പിയായിരുന്നപ്പോള്‍ തുടങ്ങിയ പരിഷ്കാരങ്ങളിലൊന്നായിരുന്നു തടവുകാരെ ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കലും പൊതുസമൂഹത്തില്‍ വില്‍പന നടത്തി വരുമാനമുണ്ടാക്കലും. പൈലറ്റ് പദ്ധതിയായി ആരംഭിച്ച പൂജപ്പുരയിലും പിന്നീട് തുടങ്ങിയ കണ്ണൂര്‍, കാസര്‍കോട് ചീമേനിയിലെ തുറന്ന ജയില്‍ തുടങ്ങി എല്ലായിടത്തും മൊബൈല്‍ വില്‍പനക്കായി ജീപ്പ് നല്‍കിയും രണ്ട് പേരെ ഡ്യുട്ടിക്ക് നിര്‍ത്തിയും വില്‍പന പുരോഗമിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും മറ്റും കുറഞ്ഞ വിലക്ക് ഗുണനിലവാരവുമുള്ള ആഹാരം ലഭ്യമാക്കുന്നതാണ് ഇവിടങ്ങളിലെ രീതി. ഇതിനായി ബസ്സ്റ്റാന്‍ഡുകളോ ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലോ എത്തിച്ചുള്ള മൊബൈല്‍ വില്‍പനയാണ് വിജയകരമായി നീങ്ങൂന്നത്. കോഴിക്കോട് ജയിലിലെ ചപ്പാത്തി വില്‍പനക്ക് ഇങ്ങനെയൊരു സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സികളെ ലഭ്യമാക്കണമെന്നാണ് അധികൃതരുടെ ആവശ്യം. പുതിയറയില്‍ ജയിലിനോടനുബന്ധിച്ചുള്ള വില്‍പന കേന്ദ്രം മാത്രമാണുള്ളത്. സര്‍ക്കാറിന് കിട്ടേണ്ട തുക സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതിലും തടവുകാരെ ഉപയോഗിച്ചുള്ള ഉല്‍പന്നം സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് വില്‍പന നടത്തുന്നതിലെ സാങ്കേതിക പ്രയാസവും ജയില്‍ വകുപ്പിന്‍െറ പരിശോധനയിലാണ്. ചപ്പാത്തി വിതരണവും മാര്‍ക്കറ്റിങും കുടുംബശ്രീയെയൊ സ്വകാര്യ ഏജന്‍സികളെയൊ ഏല്‍പ്പിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. മാസത്തില്‍ ലക്ഷത്തോളം ചപ്പാത്തി വിറ്റു പോകുന്നുണ്ടെങ്കിലും മാര്‍ക്കറ്റിങ് കാര്യക്ഷമമല്ളെന്നാണ് അധികൃതരുടെ വാദം. ചപ്പാത്തി നിര്‍മാണ യൂനിറ്റില്‍ രണ്ട് ഷിഫ്റ്റുകളിലായി 22 പേര്‍ ജോലിചെയ്യുന്നുണ്ട്. അവധി ദിവസങ്ങളായ ശനിയും ഞായറും 16,000 ചപ്പാത്തിവരെ ഓര്‍ഡറുണ്ട്. ഉല്‍പാദനം മാത്രം ജയില്‍ വകുപ്പിന് കീഴില്‍ വരികയും വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുകയും ചെയ്താല്‍ പൊതുവെ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന ജില്ലാ ജയിലിന് ആശ്വാസമാകുമെന്നും അവര്‍ ഉന്നയിക്കുന്നു. ഉല്‍പാദനം എത്രവേണമെങ്കിലും വര്‍ധിപ്പിക്കാന്‍ യൂനിറ്റ് തയാറാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതിനുപകരം ജയില്‍ വകുപ്പിന് കീഴില്‍ പാക്കറ്റുകളിലാക്കിയുള്ള മൊബൈല്‍ വില്‍പനക്ക് സൗകര്യമേര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.