കല്ലുമ്മക്കായ പറിക്കുന്നതിനെ ചൊല്ലി തര്‍ക്കം

ചേമഞ്ചേരി: കല്ലുമ്മക്കായ പറിക്കുന്നതിനെ ചൊല്ലി എലത്തൂര്‍, കാപ്പാട് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. കാപ്പാട് ബീച്ചിലെ പാകമായ കല്ലുമ്മക്കായ പറിക്കുന്നതിനെ കുറിച്ച് വെള്ളിയാഴ്ച രാവിലെ ഇരുദേശത്തെയും തൊഴിലാളികള്‍ക്കിടയില്‍ രൂപപ്പെട്ട സംഘര്‍ഷം പൊലീസിന്‍െറയും കോസ്റ്റ് ഗാര്‍ഡിന്‍െറയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ശാന്തമായി. ഇത്തവണ വന്‍തോതില്‍ വളര്‍ന്ന കാപ്പാട് ബീച്ചിലെ കല്ലുമ്മക്കായ പറിക്കുന്നതിന് എട്ട് ഫൈബര്‍ ബോട്ടുകളും ഏതാനും കൊച്ചു വള്ളങ്ങളിലുമായി എലത്തൂരിലെ 300ഓളം തൊഴിലാളികള്‍ വെള്ളിയാഴ്ച കാപ്പാട് ബീച്ചില്‍ എത്തിയിരുന്നു. ഇവര്‍ എത്തുന്നതിന് മുമ്പ് തന്നെ കാപ്പാട് ബീച്ചിലെ മത്സ്യത്തൊഴിലാളികള്‍ രൂപം കൊടുത്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 200ഓളം പേര്‍ ഓരോ പ്ളാസ്റ്റിക് കുട്ട വീതം കല്ലുമ്മക്കായ പറിച്ചിരുന്നു. കൊട്ടക്ക് 2100 രൂപ വെച്ചാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവ വില്‍പന നടത്തിയത്. കഴിഞ്ഞ ഒരുമാസമായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി 500 രൂപ പ്രതിഫലത്തില്‍ രണ്ടുപേരെ കാവല്‍ നിര്‍ത്തിയാണ് ഇവ സംരക്ഷിച്ചെടുത്തത്. ഇവരുടെ നേതൃത്വത്തില്‍ ദൂരദേശങ്ങളില്‍നിന്നും രാത്രി കല്ലുമ്മക്കായ പറിക്കാനത്തെുന്നവരെ പിടിച്ച് പൊലീസിലേല്‍പിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എലത്തൂരിനെക്കാള്‍ ശാന്തമായ കടലായതിനാല്‍ കാപ്പാട് നിന്നും എളുപ്പത്തില്‍ കല്ലുമ്മക്കായ ശേഖരിക്കാന്‍ സാധിക്കും. രണ്ട് പുലിമുട്ടിലും തുവ്വപ്പാറ, പാറക്കല്‍ താഴെ മുതലായ ഭാഗത്തെ കല്ലുകളിലും ഇത്തവണ ധാരാളമായി കല്ലുമ്മക്കായ വളര്‍ന്നിട്ടുണ്ട്. 200 പേര്‍ക്ക് മൂന്നുമാസമെങ്കിലും പറിക്കാന്‍ മത്രം ഇവ ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാപ്പാട് ബീച്ചില്‍ രൂപം കൊടുത്ത കമ്മിറ്റിക്ക് ഏരൂല്‍ ജുമുഅത്ത് പള്ളി, മുക്കാടി, ഏഴുകുടിക്കല്‍, അരയ സമാജങ്ങള്‍ എന്നിവയുടെ പിന്തുണയുണ്ട്. ഒരു വര്‍ഷം മുമ്പ് വരെ കാപ്പാട് ബീച്ചിലെ പത്തോളം മത്സ്യത്തൊഴിലാളികള്‍ എലത്തൂര്‍ കടലില്‍ കല്ലുമ്മക്കായ പറിക്കാന്‍ പോകുമായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച എലത്തൂരുകാര്‍ വന്‍ സംഘമായി കാപ്പാട് എത്തിയത്. കൊയിലാണ്ടിക്ക് വടക്ക് മൂടാടി, വടകര ഭാഗങ്ങളിലൊക്കെ തദ്ദേശിയര്‍ക്ക് മാത്രമാണ് കല്ലുമ്മക്കായ പറിക്കാന്‍ അവകാശമുള്ളതെന്ന് കാപ്പാട്ടുകാരുടെ വാദം. കടലിലും പിന്നീട് കരയിലും നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇരുകൂട്ടരോടും കല്ലുമ്മക്കായ പറിക്കുന്നത് നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐ കെ. സുമിത്കുമാര്‍, അത്തോളി എസ്.ഐ കെ. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തത്തെിയത്. ബേപ്പൂരില്‍നിന്നും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.