മാവൂരില്‍ പൊതുടാപ് വിച്ഛേദിക്കുന്നത് നിര്‍ത്തിവെച്ചു

മാവൂര്‍: ഗ്രാമപഞ്ചായത്തിലെ പൊതുടാപ്പുകള്‍ വിച്ഛേദിക്കുന്നത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതനുസരിച്ചാണ് വാട്ടര്‍ അതോറിറ്റി നടപടി നിര്‍ത്തിവെച്ചത്. അടുത്ത ദിവസം ചേരുന്ന ഭരണസമിതി യോഗം വിഷയം ചര്‍ച്ചചെയ്തശേഷമായിരിക്കും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. വിച്ഛേദിക്കുന്നതുസംബന്ധിച്ച് പരാതിയുള്ള പൊതുടാപ്പുകള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ പരിശോധിച്ചശേഷം പട്ടികയില്‍ തിരുത്തല്‍ വരുത്തിയായിരിക്കും നടപടി തുടരുക. ജലം ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 287 പൊതുടാപ്പുകളില്‍ 148 എണ്ണം നീക്കം ചെയ്യാന്‍ പട്ടിക തയാറാക്കിയിരുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗീകരിച്ച പട്ടിക അനുസരിച്ച് വാട്ടര്‍ അതോറിറ്റി ടെന്‍ഡര്‍ നല്‍കുകയും അതനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ടാപ്പ് വിച്ഛേദിച്ച് തുടങ്ങുകയും ചെയ്തിരുന്നു. വരള്‍ച്ച ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ടാപ്പുകള്‍ നീക്കം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുവരെ 16 പൊതുടാപ്പുകളാണ് വിച്ഛേദിച്ചത്. വെള്ളിയാഴ്ച രാവിലെ മണന്തലക്കടവ് പൂളക്കോട് ഭാഗത്ത് ടാപ്പ് വിച്ഛേദിക്കാനത്തെിയ കരാറുകാരനെയും ജോലിക്കാരെയും വീട്ടമ്മമാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തീരുമാനം പുന$പരിശോധിക്കണമെന്നും വിച്ഛേദിക്കുന്ന നടപടി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.പി. ചന്ദ്രന്‍ വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. അതേസമയം, ആദ്യത്തില്‍ 200ഓളം പൊതുടാപ്പുകള്‍ വിച്ഛേദിക്കാനാണ് വാട്ടര്‍ അതോറിറ്റി പട്ടിക തയാറാക്കിയതെന്നും തുടര്‍ന്ന് ഭരണസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്ത്് ഇത് 148 ആയി കുറക്കുകയായിരുന്നെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ ജലം ദുരുപയോഗം ചെയ്യുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം ലഭിക്കുന്നില്ളെന്ന പരാതി വ്യാപകമാണ്. ചില പൊതുടാപ്പുകള്‍ ഉപയോഗിക്കാത്തവയോ മണ്ണിനടിയില്‍ മൂടിപ്പോവുകയോ ചെയ്തിട്ടുണ്ട്. ഇവക്ക് ഗ്രാമപഞ്ചായത്ത് മാസത്തില്‍ 500 രൂപയോളം അടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സി.പി.എം അംഗങ്ങളുടെ സമ്മതത്തോടെ പട്ടിക അംഗീകരിച്ചതെന്നും പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍, ഉപയോഗിക്കാത്ത പൊതുടാപ്പുകള്‍ വിച്ഛേദിക്കാന്‍ മാത്രമാണ് തീരുമാനമെടുത്തതെന്നും വരള്‍ച്ചഭീഷണി നേരിടുന്ന സമയത്ത് ടാപ്പുകള്‍ വിച്ഛേദിക്കുന്നത് ജലക്ഷാമം രൂക്ഷമാക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.