മാവൂര്‍: ചാലിയാറിലും പോഷകനദികളിലും അനധികൃത മണലെടുപ്പ് തകൃതി. മണല്‍കടത്ത് തടയാന്‍ പൊലീസ് നടപടി ശക്തമാക്കിയിട്ടും പലയിടത്തും കണ്ണുവെട്ടിച്ച് മണല്‍കടത്ത് സജീവമാണ്. ചാലിയാറില്‍ മണല്‍വാരല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ രാത്രിയുടെ മറവിലാണ് അംഗീകൃത പാതാറുകള്‍ വഴിയും അനധികൃത പാതാറുകള്‍ വഴിയും മണല്‍ കടത്തുന്നത്. ബുധനാഴ്ച രാവിലെ കല്‍പള്ളി, തെങ്ങിലക്കടവ് അങ്ങാടികളില്‍ വ്യാപകമായി റോഡില്‍ മണല്‍ വീണ നിലയില്‍ കണ്ടത്തെിയിരുന്നു. മാവൂര്‍-കോഴിക്കോട് മെയിന്‍റോഡില്‍ കല്‍പള്ളി വരമ്പ് മുതല്‍ കോളക്കോട്ട് വളവുവരെയും തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡില്‍ തെങ്ങിലക്കടവ് വരമ്പ് മുതല്‍ പത്ത് മീറ്ററോളം ദൂരത്തിലുമാണ് മണല്‍ റോഡില്‍ വീണനിലയില്‍ കണ്ടത്. മണല്‍കയറ്റിയ ലോറി വേഗതയില്‍ ഹമ്പ് ചാടിയതിനാലാകണം വന്‍തോതില്‍ മണല്‍ റോഡില്‍ പതിച്ചതെന്നാണ് നിഗമനം. പൊലീസിന്‍െറ കണ്ണുവെട്ടിക്കാനാണ് ഇടറോഡ് വഴി കടത്തിയത്. കല്‍പള്ളി ഭാഗത്തുനിന്നാണ് മണല്‍കടത്തിയതെന്നും കരുതുന്നു. റോഡില്‍വീണ മണല്‍ ഇരുചക്രവാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയാസം ഉണ്ടാക്കി. റോഡില്‍ മണല്‍ കണ്ടത്തെിയ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മേലേ കല്‍പള്ളി കടവില്‍ മണല്‍കടത്തിനുവേണ്ടി പാതാറിലെ ചങ്ങലയും പൂട്ടും തകര്‍ത്തിരുന്നു. ചങ്ങലക്ക് സമാന്തരമായി മണ്ണ് തള്ളി വഴിയൊരുക്കിയായിരുന്നു ഇവിടെ മണല്‍കടത്ത്. കഴിഞ്ഞ മാസങ്ങളില്‍ മാവൂര്‍ പൊലീസ് വിവിധ ഭാഗങ്ങളില്‍നിന്ന് മണല്‍കടത്ത് പിടികൂടിയിരുന്നു. എന്നാല്‍, പൊലീസ് നടപടി ശക്തമാക്കുമ്പോഴും മണല്‍കടത്ത് നിര്‍ബാധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.