വടകര: മേഖലയില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ പരിശോധന തുടരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വടകരയില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നികുതി കുടിശ്ശിക വരുത്തിയ രണ്ടു ബസുകള്‍ പിടിച്ചെടുത്തു. ഇതിനുപുറമെ, സംവരണ സീറ്റുകള്‍ കൃത്യമായി എഴുതി പ്രദര്‍ശിപ്പിക്കാത്ത ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. പഴയ ബസ്സ്റ്റാന്‍ഡില്‍നിന്ന് യാത്രക്കാരെ കയറ്റി സര്‍വിസ് തുടങ്ങാനൊരുങ്ങവേയാണ് കെ.എല്‍ 18 സി. 6595 ‘സീസീ’ ബസ് പിടിയിലായത്. പരിശോധനക്കിടെ യാത്രക്കാരെ കയറ്റി മുങ്ങിയ കെ.എല്‍.18 എഫ് 8399 ഗോന്‍ഡന്‍ സിറ്റി ബസും കസ്റ്റഡിയിലെടുത്തു. തണ്ണീര്‍പന്തലിലെ കടമേരി റോഡില്‍ യാത്ര അവസാനിപ്പിച്ച് ഡ്രൈവറും കണ്ടക്ടറും സ്ഥലം വിടുകയായിരുന്നു. പിന്നീട് കണ്ടക്ടറെ വിളിച്ചുവരുത്തി കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 31വരെ മുന്‍കൂറായി അടക്കേണ്ടതായ റോഡ് നികുതിയിലാണ് കുടിശ്ശിക വരുത്തിയത്. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മൂന്നുമാസം വരെ സമയം നേരത്തേ അനുവദിച്ചിരുന്നു. ആ കാലയളവും അവസാനിച്ചശേഷമാണ് പരിശോധന ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. പരിശോധനയില്‍ സംവരണസീറ്റുകള്‍ ബസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കാത്ത 25 ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നിലവിലുള്ള മൊത്തം സീറ്റുകളില്‍ 25 ശതമാനം സ്ത്രീകള്‍ക്കും പത്തുശതമാനം മുതിര്‍ന്ന സ്ത്രീകള്‍ക്കും പത്തു ശതമാനം മുതിര്‍ന്ന പുരുഷന്മാര്‍ക്കും അഞ്ച് ശതമാനം ഭിന്നശേഷിക്കാര്‍ക്കും അഞ്ചുശതമാനം കൈക്കുഞ്ഞുമായി വരുന്ന സ്ത്രീകള്‍ക്കുമായാണ് സംവരണം ചെയ്തിരിക്കുന്നത്. ഇത് എഴുതി പ്രദര്‍ശിപ്പിക്കാത്ത ബസുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. സംവരണം പ്രദര്‍ശിപ്പിച്ച് വാഹനം ആര്‍.ടി ഓഫിസില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എല്ലാ ബസുകളിലും ഏഴു ദിവസത്തിനുള്ളില്‍ നിലവിലുള്ള സംവരണം എഴുതി പ്രദര്‍ശിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുനല്‍കിയതായി അറിയുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ സലിം വിജയകുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ അജിത്ത് കുമാര്‍, ഡി.കെ. ഷീജി, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.സി. കുഞ്ഞുമുഹമ്മദ്, സിവില്‍ പൊലീസ് ഓഫിസര്‍ ടി.കെ. മുരളി, ട്രാഫിക് വാര്‍ഡന്‍ മിത്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.