മടപ്പള്ളിയില്‍ അക്രമം; നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്

വടകര: മടപ്പള്ളി ഗവ. കോളജിന് സമീപം അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിബിന്‍ മടപ്പള്ളി, നിയോജകമണ്ഡലം സെക്രട്ടറി സുജിത്ത് ഒടിയിന്‍, പ്രവര്‍ത്തകരായ ഷിബിന്‍, റഹീം എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് യോഗം കഴിഞ്ഞ് മടപ്പള്ളി കോളജ് വഴി കണ്ണൂക്കരയിലേക്ക് പോകുന്നതിനിടയില്‍ കോളജിന് മുന്നില്‍നിന്ന് തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മടപ്പള്ളി കോളജില്‍ കെ.എസ്.യു യൂനിറ്റ് രൂപവത്കരിച്ചിരുന്നു. ഇതില്‍ അമര്‍ഷം പൂണ്ടാണ് അക്രമം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. അക്രമത്തിനെതിരെ ജനകീയപ്രക്ഷോഭം നടത്താന്‍ യു.ഡി.എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അഡ്വ. സി. വത്സലന്‍ അധ്യക്ഷതവഹിച്ചു. പുത്തൂര്‍ അസീസ്, എ.ടി. ശ്രീധരന്‍, അഡ്വ. ഐ. മൂസ, പുറന്തോടത്ത് സുകുമാരന്‍, സി.കെ. വിശ്വനാഥന്‍, ബാബു ഒഞ്ചിയം, വി.പി. ദുല്‍ഖിഫില്‍, ശശിധരന്‍ കരിമ്പനപ്പാലം, വി.കെ. നജീഷ്കുമാര്‍, സുനില്‍ മടപ്പള്ളി, അച്യുതന്‍ പുതിയേടത്ത്, കൂടാളി അശോകന്‍, അജിനാസ് ചോറോട്, സി.കെ. പത്മനാഭന്‍, പി. രാഘവന്‍, പ്രകാശ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ മര്‍ദനത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് വി.കെ. നജീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.