100 അടിയിലധികം താഴ്ചയുള്ള പ്രദേശത്ത് തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത് മാവൂര്‍: കുതിരാടത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 65 പേര്‍ക്ക് പരിക്ക്. മാവൂര്‍-കെട്ടാങ്ങല്‍ റൂട്ടില്‍ കുതിരാടം വളവില്‍ വെള്ളിയാഴ്ച രാവിലെ 10.10നാണ് അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ അടക്കം അഞ്ചു പേരുടെ പരിക്ക് ഗുരുതരമാണ്. ഒരുവശത്ത് 100 അടിയിലധികം താഴ്ചയുള്ള പ്രദേശത്ത് തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. അരീക്കോടുനിന്ന് മുക്കം, എന്‍.ഐ.ടി, മാവൂര്‍ വഴി കോഴിക്കോട്ടേക്ക് പോകുന്ന സൗപര്‍ണിക ബസും കോഴിക്കോട്ടുനിന്ന് ഇതേ റൂട്ടില്‍ അരീക്കോട്ടേക്ക് പോകുന്ന ഡെക്കാന്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന് വീതികുറവും ഹെയര്‍പിന്‍ വളവുമുള്ള ഭാഗമാണിത്. ഇടിയുടെ ആഘാതത്തില്‍ എട്ട് മീറ്ററോളം പിന്നോട്ടുപോയ ഡെക്കാന്‍ ബസ് പിന്നില്‍ മതിലിലിടിച്ചാണ് നിന്നത്. ഈ ബസ് ഇടത്തോട്ടുനീങ്ങിയതിനാലാണ് താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. സൗപര്‍ണിക ബസ് തേക്കുമരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. രണ്ട് അടിയോളം ഇടത്തോട്ടുനീങ്ങിയാല്‍ ഗര്‍ത്തത്തിലേക്ക് പതിച്ച് ദുരന്തത്തിന് കാരണമാകുമായിരുന്നു. സൗപര്‍ണിക ബസിനകത്ത് കുടുങ്ങിയ ഡ്രൈവറെയും യാത്രക്കാരിയെയും മണ്ണുമാന്തിയന്ത്രംകൊണ്ടുവന്ന് ബസ് പിന്നോട്ട് വലിച്ചും വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാരും മുക്കത്തുനിന്നത്തെിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ഈ ബസിലെ ഒരു യാത്രക്കാരി ഗ്ളാസ് തകര്‍ന്ന് റോഡിലേക്ക് പതിക്കുകയും ചെയ്തു. ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. മാവൂര്‍ അങ്ങാടിയിലുണ്ടായിരുന്ന ഓട്ടോറിക്ഷകള്‍ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. 60 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ഒരാള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കെട്ടാങ്ങല്‍ റൂട്ടില്‍ മൂന്ന് മണിക്കൂറിലധികം നേരം ഗതാഗതം മുടങ്ങി. വാഹനങ്ങള്‍ കല്‍ച്ചിറ, കണ്ണിപ്പറമ്പ്, അരയങ്കോട് മുക്കില്‍ വഴി തിരിച്ചുവിടുകയായിരുന്നു. ട്രാഫിക് അസി. കമീഷണര്‍, മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ശശികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത്, അംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.