കുടുംബശ്രീ കുടിവെള്ള വിതരണ പദ്ധതി: തര്‍ക്കത്തിനൊടുവില്‍ നഗരസഭയുടെ അംഗീകാരം

കോഴിക്കോട്: നഗരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തര്‍ക്കത്തിനൊടുവില്‍ വോട്ടെടുപ്പിലൂടെ നഗരസഭ കൗണ്‍സിലിന്‍െറ അംഗീകാരം. 18നെതിരെ 53 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് കൗണ്‍സില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്കെതിരെ യു.ഡി.എഫ് രംഗത്തുവന്നപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ കേന്ദ്രാവിഷ്കൃത പദ്ധതിയാണെന്നുപറഞ്ഞാണ് പിന്തുണ പ്രഖ്യാപിച്ചത്. 20 രൂപക്ക് 20 ലിറ്റര്‍ വെള്ളം കന്നാസുകളില്‍ എത്തിക്കുന്ന പദ്ധതി കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ എന്ന രൂപത്തില്‍ക്കൂടിയാണ് വിഭാവനം ചെയ്തത്. നഗരസഭ കുടുംബശ്രീ സി.ഡി.എസ് നിര്‍വഹണ ഏജന്‍സിയായി ‘ധാരണ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കുമ്പോള്‍ ജാഗ്രത വേണം, സി.ഡി.എസുമായല്ല നഗരസഭയുമായാണ് കരാര്‍ ഉണ്ടാക്കേണ്ടത്, കുടുംബശ്രീയുടെ പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട് തുടങ്ങിയ വാദഗതികളാണ് പദ്ധതിക്കെതിരെ പ്രതിപക്ഷനിരയിലെ സി. അബ്ദുറഹിമാന്‍, കെ.ടി. ബീരാന്‍കോയ, എസ്. മുഹമ്മദ് ഷമീല്‍, പി. കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍ തുടങ്ങിയവര്‍ ഉയര്‍ത്തിയത്. കുടുംബശ്രീയെ വിമര്‍ശിക്കുമ്പോള്‍ ഭരണപക്ഷം അസഹിഷ്ണുത കാട്ടുന്നുവെന്ന് അഡ്വ. പി.എം. നിയാസ് പറഞ്ഞതോടെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങയത്. ധാരണ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി തേടണമെന്നും നിയാസ് ആവശ്യപ്പെട്ടതോടെ തര്‍ക്കം മുറുകി. ഇതോടെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കുടുംബശ്രീ മെംബര്‍ സെക്രട്ടറി റംസി ഇസ്മയിലിനോട് പദ്ധതി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. വനിതാ വികസന കോര്‍പറേഷനുമായാണ് ധാരണ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കരാര്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞതോടെ പ്രതിപക്ഷം ഒന്നടങ്കം പദ്ധതിക്കെതിരെ കൂടുതല്‍ ശബ്ദമുയര്‍ത്തി. പശ്ചാത്തല സൗകര്യം ഒരുക്കേണ്ടത് സഗരസഭയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പറഞ്ഞതോടെ അതുവരെ എതിര്‍ത്ത ബി.ജെ.പി അംഗങ്ങള്‍ പദ്ധതിക്കനുകൂലമായി. പദ്ധതി അംഗീകരിക്കില്ളെന്ന വാദത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഉറച്ചുനിന്നതോടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണനും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജും പദ്ധതിയെ അനുകൂലിച്ചു. തുടര്‍ന്നാണ് മേയര്‍ തീരുമാനം വോട്ടിനിട്ടത്. എസ്.എം സ്ട്രീറ്റ് റോഡും താഴെ പാളയം റോഡും നവീകരിക്കുമെന്ന് ജയശ്രീ കീര്‍ത്തിയുടെ ശ്രദ്ധക്ഷണിക്കലിന് മേയര്‍ മറുപടി നല്‍കി. മാവൂര്‍ റോഡ് -മെഡിക്കല്‍ കോളജ് റൂട്ടിലെ തെരുവ് വിളക്കുകളും നഗരപാതകളിലെ സോഡിയം വേപ്പര്‍ ലൈറ്റുകളും കത്തിക്കുമെന്നും ജിഷ ഗിരീഷിന്‍െറയും അഡ്വ. ശരണ്യയുടെയും ശ്രദ്ധക്ഷണിക്കലിന് മേയര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ഗുണനിവാരം പരിശോധിക്കുമെന്ന് പ്രമീള ബാലഗോപാലന്‍െറ ശ്രദ്ധക്ഷണിക്കലിന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് മറുപടി നല്‍കി. പാളയം ബസ് സ്റ്റാന്‍ഡിന് മുന്‍വശം എം.എം. അലി റോഡിന് തെക്കുഭാഗത്ത് ഓട്ടോ ബേയും പൊലീസ് സഹായ കേന്ദ്രവും നിര്‍മിക്കാനുള്ള ട്രാഫിക് അസി. കമീഷണറുടെ അപേക്ഷ യോഗം അംഗീകരിച്ചു. കോര്‍പറേഷന്‍ സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്സ് പൊളിച്ച് പണിയുകയും മേയര്‍ ഭവനില്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. മെഡിക്കല്‍ കോളജ് ട്രാഫിക് ഐലന്‍റിന്‍െറ വിശദ പദ്ധതി രേഖ തയാറാക്കാന്‍ എന്‍.ഐ.ടിയെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ ടി.വി. ലളിത പ്രഭ, അഡ്വ. സി.കെ. സീനത്ത് തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.