കോഴിക്കോട്: നഗരസഭയുടെ വരവുചെലവ് കണക്കുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടും അനുബന്ധ പരാമര്‍ശങ്ങളും വാഗ്വാദങ്ങള്‍ക്കൊടുവില്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അജണ്ട വായിച്ചപ്പോള്‍തന്നെ പ്രതിപക്ഷം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ഗുരുതര ക്രമക്കേടുകള്‍ ഓരോന്നായി ചര്‍ച്ചചെയ്യണമെന്ന് ആവശ്യമുന്നയിച്ചു. ഇതോടെയാണ് വാഗ്വാദം തുടങ്ങിയത്. റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നല്‍കാത്തതിനെതിരെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചപ്പോള്‍ 250ലേറെ പേജുള്ള റിപ്പോര്‍ട്ടിന്‍െറയും 150ലേറെ പേജുള്ള ഉദ്യോഗസ്ഥരുടെ മറുപടിയുടെയും പകര്‍പ്പ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുക അപ്രായോഗികമാണെന്നും മേയര്‍ അറിയിച്ചു. ഇരുവിഭാഗവും തമ്മിലുള്ള വാഗ്വാദം ശക്തമായതോടെ മേയറുടെ നേതൃത്വത്തില്‍ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നല്‍കുമെന്ന് ഉറപ്പുനല്‍കിയതോടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് നിര്‍വഹണ ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും നല്‍കിയ മറുപടി സഭ അംഗീകരിക്കുകയായിരുന്നു. കൗണ്‍സിലില്‍ പി. കിഷന്‍ചന്ദാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പഴയ കാലത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് പിന്നീട് വിജിലന്‍സ് കേസായതെന്നും അംഗന്‍വാടികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ കരാര്‍ നല്‍കിയ സ്ഥാപനം കടലാസ് സംഘടനയാണെന്നും അക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ളെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞത് ഭരണപക്ഷത്തെ പ്രകോപിച്ചു. നിരവധി പഞ്ചായത്തുകളും എന്‍.ഐ.ടിയും കരാര്‍ നല്‍കിയ സ്ഥാപനത്തില്‍നിന്നാണ് അംഗന്‍വാടികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങിയതെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മറുപടി നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഏറെയും വിമര്‍ശനങ്ങള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈസന്‍സ് ഫീസ് ഇനത്തില്‍ മാത്രം നഗരസഭക്ക് കോടികളുടെ കുടിശ്ശികയുണ്ടെന്നത് പ്രാധാന്യത്തോടെ കാണണമെന്ന് സി. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. മേയറുടെ ദുരിതാശ്വാസ നിധിയുടെ കണക്കുകള്‍ കൃത്യമല്ളെന്നത് കെ.ടി. ബീരാന്‍കോയ ചൂണ്ടിക്കാട്ടി. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നേരത്തേ കിട്ടുമായിരുന്നെന്നും അതിന് ശ്രമിക്കാതെ അനാവശ്യ ചര്‍ച്ചകള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷമെന്നും ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് കുറ്റപ്പെടുത്തി. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിച്ച് മുന്നോട്ടുപോകണമെന്ന് നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ചയാണ് വേണ്ടതെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ഇതോടെ റിപ്പോര്‍ട്ട് വായിക്കാന്‍ മേയര്‍ ഉദ്യോഗസ്ഥയോട് നിര്‍ദേശിച്ചു. നീണ്ട റിപ്പോര്‍ട്ട് വായിച്ചതോടെ ഒരോന്നും ചര്‍ച്ചചെയ്യാന്‍ നിന്നാല്‍ യോഗം തീരില്ളെന്ന് മേയര്‍ വ്യക്തമാക്കി. തുടര്‍ന്ന് കക്ഷിനേതാക്കളുടെ യോഗം ചേര്‍ന്നു. പിന്നാലെ റിപ്പോര്‍ട്ടുമായി ബന്ധപ്പട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടികള്‍ അംഗീകരിച്ച് യോഗം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.