ഐ.ഐ.എമ്മിന് ഡയറക്ടര്‍ ഇല്ലാതായിട്ട് രണ്ടു വര്‍ഷം

കോഴിക്കോട്: കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ (ഐ.ഐ.എം-കെ) ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞുകിടന്നിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. ഡയറക്ടര്‍ നിയമനത്തിന് രണ്ടു തവണ വിജ്ഞാപനമിറക്കുകയും സെര്‍ച് കമ്മിറ്റിയുണ്ടാക്കുകയും ചെയ്തിട്ടും ഇന്‍റര്‍വ്യൂ ഉള്‍പ്പടെയുള്ള തുടര്‍ നടപടികളില്ലാത്തതാണ് കാരണം. രാജ്യത്തെ ഇതര ഐ.ഐ.എമ്മുകളില്‍ ഡയറക്ടര്‍ ഒഴിവ് നികത്തിയിട്ടും കോഴിക്കോട് എന്നു നിയമനമുണ്ടാവുമെന്ന് ഒരുറപ്പുമില്ല.2014 സെപ്റ്റംബര്‍ മുതലാണ് കോഴിക്കോട് ഐ.ഐ.എമ്മില്‍ ഡയറക്ടര്‍ പദവി ഒഴിഞ്ഞുകിടക്കുന്നത്. ഇവിടത്തെ മുതിര്‍ന്ന പ്രഫസര്‍ ഡോ. കുല്‍ഭൂഷന്‍ ബലൂനിയാണ് അന്നുമുതല്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. അമൃത്സര്‍ ഐ.ഐ.എമ്മിന്‍െറ ഡയറക്ടറുടെ അധിക ചുമതലകൂടി കോഴിക്കോട്ടെ ഡയറക്ടര്‍ ഇന്‍ചാര്‍ജിനാണ്. സ്ഥിരം ഡയറക്ടറില്ലാത്തത് സ്ഥാപനത്തിന്‍െറ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കു വരെ പ്രയാസം സൃഷ്ടിക്കുന്നായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രഫ. ദേബാശിഷ് ചാറ്റര്‍ജിയാണ് ഒടുവില്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ചത്. ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും 19 മന്ത്രിമാര്‍ക്കും ഐ.ഐ.എമ്മില്‍ ഏകദിന മാനേജ്മെന്‍റ് പരിശീലനം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്തരം ഒട്ടേറെ പരിപാടികള്‍ ഐ.ഐ.എം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്ന നിയമനമാണ് ഐ.ഐ.എം ഡയറക്ടര്‍ തസ്തിക. ഡയറക്ടറെ നിയമിക്കുന്നതിനുള്ള സെര്‍ച് കമ്മിറ്റി രൂപവത്കരിക്കുകയാണ് നിയമനപ്രക്രിയയില്‍ പ്രധാനം. ഇന്‍റര്‍വ്യൂ നടത്തി മൂന്ന് പേര് ഉള്‍പ്പെടുന്ന പാനല്‍ കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് കൈമാറും. കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള നിയമന കമ്മിറ്റിയാണ് ഈ പാനലില്‍നിന്ന് ഒരാളെ ഡയറക്ടറായി നിയമിക്കേണ്ടത്. കോഴിക്കോട് ഐ.ഐ.എമ്മിന്‍െറ ഡയറക്ടര്‍ സ്ഥാനത്തേക്ക് രണ്ടു തവണയാണ് വിജ്ഞാപനമിറക്കിയത്. സെര്‍ച് കമ്മിറ്റിയും രൂപവത്കരിച്ചെങ്കിലും ഇന്‍റര്‍വ്യൂ നടക്കാതെ നടപടികള്‍ പാതിവഴിയില്‍ മുടങ്ങി. 13 ഐ.ഐ.എമ്മുകളാണ് രാജ്യത്തുള്ളത്. ഇതില്‍ പത്തിടത്ത് കഴിഞ്ഞയാഴ്ച പുതിയ ഡയറക്ടറെ നിയമിച്ചു. പഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും ലക്ഷങ്ങളുടെ വരുമാനം ഉറപ്പുള്ള രാജ്യത്തെ മുന്‍നിര മാനേജ്മെന്‍റ് സ്ഥാപനമാണ് ഐ.ഐ.എം. കോഴിക്കോട്ടെ 19ാമത്തെ ബാച്ചിലെ 334 പേര്‍ക്കും ഇതിനകം മികച്ച നിയമനം ഉറപ്പാക്കി കഴിഞ്ഞു. ഈ വര്‍ഷം 37 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം. 17.14 ലക്ഷമാണ് ശരാശരി വാര്‍ഷിക ശമ്പളം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.