ചുട്ടുപൊള്ളും ഭൂമി പച്ചപുതപ്പിക്കാന്‍ ഒരാള്‍

മേപ്പയ്യൂര്‍: ദേശത്തിന് തണലൊരുക്കല്‍ ജീവിതലക്ഷ്യമാക്കി യുവകവി. വഴിയോരങ്ങളിലും സ്വന്തം ചുറ്റുപാടുകളിലും മരങ്ങള്‍ നട്ടുനനച്ച് വളര്‍ത്തി മാതൃകയാവുകയാണ് കവിയും ഹ്രസ്വ ചലച്ചിത്രകാരനുമായ മേപ്പയൂര്‍ വിളയാട്ടൂര്‍ സ്വദേശി ബിജു കൊട്ടാരക്കര. വിളയാട്ടൂര്‍ ഗ്രാമത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നട്ട 5,600ലധികം തൈകള്‍ പച്ചപിടിച്ച് നില്‍ക്കുന്നു. ആദ്യമൊക്കെ ബിജുവിന്‍െറ മരം നടല്‍ ഗൗരവത്തോടെ കണ്ടിരുന്നില്ല നാട്ടുകാരില്‍ പലരും. എന്നാല്‍, നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും വിടാതെയുള്ള ചെറുപ്പക്കാരന്‍െറ കഠിനാധ്വാനം ജനശ്രദ്ധ നേടി. പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി വനം-വന്യജീവി വകുപ്പിന്‍െറ പ്രകൃതി മിത്ര അവാര്‍ഡ് ബിജുവിനെ തേടിവന്നു. അവാര്‍ഡ് ലഭിച്ചതിനു ശേഷം ഗ്രാമം മുഴുവന്‍ അരലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. 2002ല്‍ അമ്പത് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചാണ് ദൗത്യം ആരംഭിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്‍െറ ഇരുകരകളിലും കണ്ടംചിറ, കരുവോട് ചിറ തോടിന്‍െറ വശങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലുമാണ് പ്രധാനമായി മരം പിടിപ്പിച്ചത്. മരം പന്തലിക്കുന്നത് വരെ പരിപാലിക്കുന്നതും ബിജുതന്നെ. വിളയാട്ടൂര്‍ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിന് സമീപം ഇറിഗേഷന്‍ വകുപ്പിന്‍െറ ഒരേക്കര്‍ സ്ഥലത്ത് 2014ല്‍ വളര്‍ത്തിയ 300 ഇനങ്ങളില്‍ മാവ്, പ്ളാവ്, നീലക്കടമ്പ്, പേരാല്‍, അരയാല്‍, അത്തി, ഇത്തി, വന്നി, ഞാവല്‍, കായല്‍, ചമത, കരിങ്ങാലി, നെല്ലി, വേപ്പ്, കൂവളം, അശോകം, കരിമരം, ദേവതാരു തുടങ്ങി പലവിധമുണ്ട്. സ്വന്തം പുരയിടത്തിലെ കിണറില്‍നിന്ന് വെള്ളമത്തെിച്ചാണ് മരങ്ങള്‍ നനച്ചത്. അയല്‍പക്കത്തുള്ള 150 വീടുകളില്‍ സ്വന്തമായി മുളപ്പിച്ചെടുത്ത ഫലവൃക്ഷത്തൈകള്‍ നട്ടിട്ടുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ 500 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. വനം വകുപ്പിലെ ഉദയകുമാര്‍, യൂനസ്, ഗോപാലകൃഷ്ണന്‍, അജിത് എന്നീ ഉദ്യോഗസ്ഥരുടെ സഹായം ഊര്‍ജമായിട്ടുണ്ടെന്ന് ബിജു പറഞ്ഞു. ‘ഭ്രാന്തിന്‍െറ പുസ്തകം’ എന്ന കവിത സമാഹാരവും ആനുകാലികങ്ങളില്‍ വന്ന പത്ത് കഥകള്‍ ഉള്‍ക്കൊള്ളിച്ച ‘അമ്മയില്ലാത്ത വീടുകള്‍’ എന്ന കഥാസമാഹാരവും പ്രസിദ്ധീകൃതമായിട്ടുണ്ട്. ‘നാരങ്ങമിട്ടായി’ എന്ന ഹ്രസ്വ ചലച്ചിത്രത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചു. 20 മിനിറ്റുള്ള ‘മീന്‍ജീവിതങ്ങള്‍’ എന്ന ചിത്രത്തിന്‍െറ പണിപ്പുരയിലാണ് ബിജു ഇപ്പോള്‍. ആഴ്ചയില്‍ മൂന്നുദിവസം സമാന്തര കോളജിലെ അധ്യാപന ജോലി കൊണ്ട്് ഉപജീവനത്തിനുള്ള വരുമാനം കണ്ടത്തെുന്ന ബിജു ആദ്യമൊക്കെ ഒറ്റക്കായിരുന്നു. ഇപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT