വരള്‍ച്ച: ദുരന്ത മുനമ്പില്‍ കോഴിക്കോട്

കോഴിക്കോട്: വരള്‍ച്ചയും ചൂടും കനക്കുമ്പോള്‍ ദുരന്ത മുനമ്പിലാണ് കോഴിക്കോട് ജില്ല. മഴ ലഭിച്ചില്ളെങ്കില്‍ ജില്ല കനത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്നതാണ് അവസ്ഥ. തുലാമഴയില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കോഴിക്കോട്ടാണ്. 82 ശതമാനം. സംസ്ഥാനത്ത് മഴയുടെ കുറവ് 62 ശതമാനമായിരിക്കെയാണിത്. ഇടവപ്പാതിയില്‍ 27ഉം സീസണ്‍ മഴയില്‍ 16ഉം ശതമാനമാണ് കുറവ്. വര്‍ഷകാലത്തിന്‍െറ മൊത്തം കണക്കെടുത്താല്‍ കോഴിക്കോട്ട് 86.2 ശതമാനമാണ് മഴക്കുറവ്. തുലാവര്‍ഷക്കാലത്താണ് ഭൂഗര്‍ഭ ജലം ശേഖരിക്കപ്പെടുന്നത്. അതിനാല്‍, തുലാമഴ കുറഞ്ഞത് ജില്ലയെ രൂക്ഷമായ വരള്‍ച്ചയിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷകാലത്ത് ജില്ലയില്‍ എവിടെയും ഉറവുകള്‍ രൂപപ്പെടുകയോ പുഴകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയോ ചെയ്തില്ല. ഓരോ പുഴയിലും മൂന്ന് മീറ്ററോളം താഴ്ന്നായിരുന്നു മഴക്കാലത്തെ ജലനിരപ്പ്. പ്രതിവര്‍ഷം 3,469 മി.മീ. മഴ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കാരണം വലിയതോതില്‍ വെള്ളം നീരാവിയായിപ്പോകുന്നതാണ് പ്രശ്നം. ജില്ലയില്‍ ഇപ്പോള്‍തന്നെ ചൂട് 34 ഡിഗ്രി കടന്നത് നീരാവിയാകല്‍ പ്രക്രിയ വര്‍ധിപ്പിക്കും. ജില്ലയില്‍ ലഭ്യമായ വെള്ളത്തിന്‍െറ 55 ശതമാനവും ഉപയോഗിച്ചു തീരുന്നതായാണ് കണക്ക്. ബാലുശ്ശേരി, കുന്ദമംഗലം ബ്ളോക്കുകള്‍ അതീവ ഗുരുതരമായി വരള്‍ച്ചസാധ്യതയുള്ളതായാണ് വിലയിരുത്തല്‍. ബാലുശ്ശേരിയിലെ ഭൂഗര്‍ഭ ജലത്തിന്‍െറ 79.39ഉം കുന്ദമംഗലത്തെ 83.13ഉം ശതമാനം ഉപയോഗിച്ചുതീരുകയാണ്. മേയ് മാസമാകുന്നതിനു മുമ്പുതന്നെ കിണറുകളിലെ വെള്ളം വന്‍തോതില്‍ കുറഞ്ഞുതുടങ്ങി. ജില്ലയുടെ വലിയൊരു ഭാഗം സമുദ്രതീരമായതിനാല്‍ ഇവിടത്തെ വെള്ളം ഉപ്പുവെള്ളം കലര്‍ന്ന് ഉപയോഗരഹിതമാവുകയും ചെയ്യുന്നു. ശേഷിക്കുന്ന ഭാഗം ചെങ്കല്ല്, പാറ എന്നിവയായതിനാല്‍ ഇവിടെയും വെള്ളം ശേഖരിക്കപ്പെടുന്നുമില്ല. മഴക്ക് തൊട്ടുശേഷം ജില്ലയില്‍ 33 ശതമാനം വെള്ളം മാത്രമാണ് ഭൂമിയില്‍ ശേഖരിക്കപ്പെടുന്നത്. ജില്ലയുടെ കുടിവെള്ളത്തിന്‍െറ പ്രധാന സ്രോതസ്സായ പുഴകളില്‍ 10 വര്‍ഷത്തിനിടെ 40 ശതമാനത്തോളം നീരൊഴുക്കിന്‍െറ കുറവുണ്ടായി. ഇതോടൊപ്പം കടലോരപ്രദേശത്ത് 25 കി.മീ. ദൂരത്ത് ഉപ്പുവെള്ളം കയറുന്നതും പുഴകളില്‍ മാലിന്യം നിറയുന്നതും കുടിവെള്ളം കിട്ടാക്കനിയാക്കുകയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം നീരൊഴുക്ക് കുറവ് രേഖപ്പെടുത്തിയ ചാലിയാറാണ് ജില്ലയുടെ പ്രധാന ജലസ്രോതസ്സ്. കുറ്റ്യാടി, മാഹി, കടലുണ്ടി, കല്ലായി, കോരപ്പുഴ എന്നീ പുഴകള്‍ ഉണ്ടെങ്കിലും ഇവ പൂര്‍ണമായി കുടിവെള്ളത്തിന് ഉപയോഗിക്കുന്നില്ല. കുറ്റ്യാടിപ്പുഴ ഓരുജലം കയറല്‍ ഭീഷണിയിലാണ്. പുഴകള്‍ വറ്റുന്നതോടെ അഞ്ഞൂറോളം കുടിവെള്ള പദ്ധതികളിലൂടെയുള്ള വിതരണവും ഭീഷണിയിലാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.