സന്ധ്യ മുന്നേറുകയാണ്; തീവണ്ടിയുടെ ചൂളം വിളികള്‍ക്കൊപ്പം

നന്മണ്ട: സ്ത്രീകള്‍ അധികം കടന്നുവരാത്ത ജോലിയില്‍ അവിചാരിതമായാണ് എത്തിയതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ലോകോ പൈലറ്റായി വിജയഗാഥ തീര്‍ക്കുകയാണ് സന്ധ്യ ഗോപാല്‍. ജില്ലയിലെ ആദ്യ വനിത അസിസ്റ്റന്‍റ് ലോകോ പൈലറ്റായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നന്മണ്ട ചീക്കിലോട് അരിപ്പാംതോട്ടില്‍ സന്ധ്യയെന്ന ബി.ടെക് ബിരുദധാരി. റെയില്‍വേ പൊലീസായി ജോലി ആരംഭിച്ചതിനുശേഷമാണ് ലോകോ പൈലറ്റായി മാറുന്നത്. വിജയകരമായ ഒരു വര്‍ഷത്തെ മാതൃകാ പ്രവര്‍ത്തനത്തിലൂടെ ഈ മേഖല ആണുങ്ങളുടെ കുത്തകയല്ളെന്ന് തെളിയിച്ച് പെണ്‍കുട്ടികള്‍ക്ക് മാതൃകയാകുകയാണ് സന്ധ്യ. ദുരന്തം കണ്‍മുന്നില്‍ കാണുമ്പോള്‍ ആദ്യം വല്ലാതെ ഭയപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ മനസ്സ് എല്ലാത്തിനും പാകപ്പെട്ടിരിക്കുന്നുവെന്നും സന്ധ്യ പറയുന്നു. ജോലിക്കിടെ കണ്‍മുന്നില്‍ പലരുടെയും ജീവിതം പിടഞ്ഞുവീഴുന്നത് കാണുമ്പോഴും അവരെ ഒന്നും രക്ഷിക്കാന്‍ കഴിയാത്തതിന്‍െറ നിസ്സഹായതയും സന്ധ്യ പങ്കുവെക്കുന്നു. എന്നാലും, ഓരോ ദിനം കടന്നുവരുമ്പോഴും പ്രാര്‍ഥിക്കും. ട്രെയിനില്‍ ആദ്യമായി യാത്രചെയ്തത് കോളജില്‍ പഠിക്കുമ്പോഴാണ്. ലോകോ പൈലറ്റാവുമെന്ന് അന്ന് കരുതിയിരുന്നില്ല. ആദ്യമായി ഓടിച്ച 58 ബോഗികളുള്ള ഗുഡ്സിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ചോര്‍ത്തപ്പോള്‍ ലോകോ പൈലറ്റ് പരീക്ഷ പാസായതെന്തിനായിരുന്നുവെന്ന ചോദ്യമായിരുന്നു മനസ്സില്‍. പാലക്കാട് ഡിവിഷനിലെ കോഴിക്കോട് ഡിപ്പോയിലാണ് ജോലി. പാലക്കാട്ട് എട്ട് വനിതകള്‍ ലോകോ പൈലറ്റുമാരായി ജോലിചെയ്യുന്നുണ്ടെങ്കിലും കോഴിക്കോട്ട് സന്ധ്യമാത്രമേയുള്ളൂ. കോഴിക്കോട്-മംഗലാപുരം, കോഴിക്കോട്-പാലക്കാട് റൂട്ടിലായിരിക്കും ജോലി. 10 മണിക്കൂര്‍ ജോലിയാണ്. ചീക്കിലോട് അരിപ്പാംതോട്ടില്‍ കൂലിപ്പണിക്കാരനായ ഗോപാലന്‍െറയും പത്മിനിയുടെയും ഇളയ മകളാണ് സന്ധ്യ. ഇപ്പോള്‍ ഗുഡ്സ് വാഹനങ്ങള്‍ നിയന്ത്രിക്കുന്ന സന്ധ്യക്ക് പാസഞ്ചറിലോ എക്സ്പ്രസിലോ ലോകോ പൈലറ്റായി ഉയരണമെന്നാണ് ഇനിയുള്ള ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.