മുക്കം നഗരസഭയില്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് നിയന്ത്രണം

മുക്കം: നഗരസഭയില്‍ പ്ളാസ്റ്റിക് കാരി ബാഗുകള്‍ നിയന്ത്രിക്കുന്നതിന് നഗരസഭ ഭരണ സമിതി യോഗം അംഗീകാരം നല്‍കി. ഇതിന് നിയമാവലി തയാറാക്കുന്നതിനായി ആരോഗ്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ പറഞ്ഞു. പ്ളാസ്റ്റിക് കാരിബാഗുകള്‍ വില്‍പന നടത്തുന്ന വ്യാപാരികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിബന്ധനകള്‍ വെച്ചിട്ടുണ്ട്. 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 50 മൈക്രോണിന് മുകളിലുള്ളത് വില്‍പന നടത്തുമ്പോള്‍ ഒരു വ്യാപാരി ഓരോ മാസവും 4000 രൂപ വീതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കണം. നിയമം പ്രാബല്യത്തിലാവുന്നതോടെ ഒട്ടുമിക്ക വ്യാപാരികളും പണമടക്കാനാവാതെ സ്വയം വില്‍പനയില്‍നിന്ന് പിന്മാറുമെന്നാണ് കണക്കുകൂട്ടുന്നത്. മുക്കം നഗരസഭയില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ നഗരസഭ ശ്രമിക്കുന്നുണ്ട്. മുഴുവന്‍ വീടുകളിലും തുണി സഞ്ചി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിന് പുറമെ ചേന്ദമംഗലൂര്‍ പ്രദേശത്തെ പാണക്കോട്, തട്ടാരക്കണ്ടി, കാടാം പള്ളികുളങ്ങള്‍ ആഴവും വീതിയും കൂട്ടി ജലക്ഷാമം പരിഹരിക്കാനും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പ്രവൃത്തി ആരംഭിക്കാനും കൂടുതല്‍ ഫണ്ടിനായി സര്‍ക്കാറിന് അപേക്ഷ നല്‍കാനും നഗരസഭ ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ആധാര്‍ എടുത്തു നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്താനും ഇതിന്‍െറ തുക നഗരസഭ ഫണ്ടില്‍ നിന്ന് ചെലവഴിക്കാനും ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. നഗരസഭയില്‍ ഒമ്പത് റോഡുകളുടെ പ്രവൃത്തിക്കുള്ള ഇ-ടെന്‍ഡര്‍ നഗരസഭ അംഗീകരിച്ചതായും ചെയര്‍മാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.