മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: സ്ഥലം വിട്ടുനല്‍കാന്‍ ഒരവസരംകൂടി

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം. ഇനിയും ഭൂമി വിട്ടുനല്‍കാത്തവരെ കണ്ടത്തെി സമ്മതപത്രം നല്‍കാനുള്ള ഒരവസരംകൂടി നല്‍കുകയെന്നതാണ് യോഗലക്ഷ്യം. അതേസമയം, സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടിയും കരാറും പൂര്‍ത്തിയായതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ മുറിക്കാനുള്ള മരങ്ങളുടെ നമ്പറിടല്‍ പൂര്‍ത്തിയായി. ഉടന്‍തന്നെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. അതേസമയം, റോഡ് വികസനത്തിനായി സര്‍ക്കാര്‍ വീണ്ടും അനുവദിച്ച നാലു കോടി രൂപ വിനിയോഗിക്കുന്നതില്‍ മരാമത്ത് വകുപ്പിന്‍െറ അനാസ്ഥക്കെതിരെ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം സമരം പ്രഖ്യാപിച്ചിരുന്നു. സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 2.8 ഏക്കര്‍ ഭൂമി വിട്ടുനല്‍കാനും ചുറ്റുമതില്‍ നിര്‍മിക്കാനുമായി അനുവദിച്ച നാലു കോടി രൂപ മാര്‍ച്ചോടെ ലാപ്സാകുമെന്ന ആശങ്കയിലാണ് ആക്ഷന്‍ കമ്മിറ്റി. യഥാസമയം നിര്‍മാണം ആരംഭിക്കാത്തതിനാല്‍ 2015ല്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച തുക 2016 മാര്‍ച്ചില്‍ ലാപ്സായത് ചൂണ്ടിക്കാട്ടിയാണ് അവര്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഭൂമി അടിയന്തരമായി വിട്ടുനല്‍കുകയും മതില്‍കെട്ടി സംരക്ഷിക്കുകയും ചെയ്തില്ളെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസിലേക്ക് ബഹുജനമാര്‍ച്ച് നടത്താനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. നേരത്തേ അനുവദിച്ച ഫണ്ട് നഷ്ടമായതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് വീണ്ടും ഫണ്ട് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കേ നിര്‍മാണ പ്രവൃത്തി തുടങ്ങാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഉടന്‍ പ്രവൃത്തി ആരംഭിച്ചില്ളെങ്കില്‍ ഈ സാമ്പത്തിക വര്‍ഷവും തുക ലാപ്സാകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ നടന്ന രണ്ടു യോഗങ്ങളിലായി റോഡിന്‍െറ പരിധിയില്‍ വരുന്ന 200ഓളം ഉടമകളാണ് സ്ഥലം നല്‍കാനുള്ള സമ്മതപത്രം നല്‍കിയത്. സമ്മതപത്രം നല്‍കാന്‍ കാലതാമസമുണ്ടാകുകയാണെങ്കില്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകും. ചൊവ്വാഴ്ച യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മതപത്രം നല്‍കാന്‍ ഒരവസരംകൂടി നല്‍കും. 155ഓളം പേരുടെ സമ്മതപത്രമാണ് ലഭിക്കാനുള്ളത്. ഇവരുമായി ബന്ധപ്പെടാനുള്ള സാഹചര്യമില്ലാത്തത് തിരിച്ചടിയാകും. മൂന്നാമത്തെ യോഗത്തിലും സമ്മതപത്രം നല്‍കാത്തവര്‍ ഏറ്റെടുക്കല്‍ നടപടിക്ക് വിധേയരാകേണ്ടി വരും. സമ്മതപത്രം നല്‍കിയവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി മാസത്തില്‍തന്നെ പണം നല്‍കും. ഇതിന് മുന്നോടിയായി പ്രമാണവും സ്ഥലപരിശോധനയും ത്വരിതപ്പെടുത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. രജിസ്ട്രേഷന്‍ നടപടി വേഗത്തിലാക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍െറ സഹകരണം തേടിയിട്ടുണ്ട്. ഫണ്ട് ലഭ്യമായാല്‍ ചെലവിടാനായി മാര്‍ച്ച് 31ന് മുമ്പ് ഘട്ടംഘട്ടമായി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്. സമ്മതപത്രം സമര്‍പ്പിക്കുന്നവരെ ഉള്‍പ്പെടുത്തി ഫെബ്രുവരി 15, മാര്‍ച്ച് 10, മാര്‍ച്ച് 30 എന്നിങ്ങനെ ഫണ്ട് ആവശ്യപ്പെടും. രേഖകള്‍ കിട്ടുന്ന മുറക്ക് ജില്ല ഗവ. പ്ളീഡര്‍ക്ക് പരിശോധനക്കായി അയക്കുന്നതിന് നഗരപാത വികസന പദ്ധതി (എല്‍.എ) സ്പെഷല്‍ തഹസില്‍ദാറെയും ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT