ഷവര്‍മ നിര്‍മാണ, വിപണന കേന്ദ്രങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നിലച്ചു

കോഴിക്കോട്: നഗരത്തിലെ ഷവര്‍മ നിര്‍മാണ, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിവന്ന പരിശോധന നിലച്ചു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ പരിശോധനയാണ് താല്‍ക്കാലിമായി നിര്‍ത്തിവെച്ചത്. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്‍െറ വിപണനം വ്യാപകമായി എന്ന പരാതിയത്തെുടര്‍ന്നുള്ള പരിശോധനകളും ബോധവത്ക്കരണവും തുടങ്ങിയതോടെയാണ് ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളിലെ പരിശോധന പിന്നോട്ടുപോയതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോഴിക്കോട് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റില്‍നിന്ന് പരിശോധനക്ക് ശേഖരിച്ച മത്തിയില്‍ രാസവസ്തുവായ സോഡിയം ബെന്‍സോയേറ്റിന്‍െറ അംശം കണ്ടത്തെിയിരുന്നു. ഇതോടെ മത്സ്യ പരിശോധനയും ബോധവത്ക്കരണവും കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷ കമീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു. വേണ്ടത്ര ജീവനക്കാരില്ലാത്തതും ഇരു പരിശോധനകളും ഒരുമിച്ച് നടത്തുന്നതിന് പ്രയാസം സൃഷ്ടിച്ചു. നഗരത്തിലെ ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളില്‍ വേണ്ടത്ര വൃത്തിയും വെടിപ്പുമില്ളെന്ന് പരാതി ഉയരുകയും വിവിധ സമയങ്ങളിലായി നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണറുടെ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടാനും നിര്‍ദേശിച്ചു. ഇതോടെ പലരും നിര്‍മാണ യൂനിറ്റുകളുടെ വൃത്തിയും വെടിപ്പും മെച്ചപ്പെടുത്തി പ്രവര്‍ത്തനാനുമതി തേടി. തുടര്‍ന്നാണ് ഇത്തരം സ്ഥാപനങ്ങളുടെ പരിശോധന തുടങ്ങിയത്. കാരപ്പറമ്പ്, സിവില്‍സ്റ്റേഷന്‍, വെള്ളിമാട്കുന്ന്, കോഴിക്കോട് ബീച്ച്, ബേപ്പൂര്‍, മീഞ്ചന്ത, നടുവട്ടം തുടങ്ങിയ ഭാഗങ്ങളിലെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. മറ്റിടങ്ങളിലെ പരിശോധനയാണിപ്പോള്‍ നീളുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍െറ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍നിന്നുമാത്രം മാംസം വാങ്ങണം, ഇതിന്‍െറ ബില്ലുകള്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലത്തെി പരിശോധന നടത്തുമ്പോള്‍ കാണിക്കണം, വൃത്തിയുള്ള ഫ്രീസറില്‍ മാംസം സൂക്ഷിക്കണം, ഈച്ചയോ പൊടിയോ വരാതിരിക്കാന്‍ ഷവര്‍മയുണ്ടാക്കുന്ന യൂനിറ്റ് ചില്ല് കൂടിനുള്ളിലാക്കണം, ഭക്ഷണമുണ്ടാക്കാനുപയോഗിക്കുന്ന വെള്ളം സര്‍ക്കാര്‍ ലബോറട്ടറിയില്‍ ആറുമാസത്തിലൊരിക്കല്‍ പരിശോധിക്കണം, മാംസം ശുദ്ധവെള്ളത്തില്‍ മാത്രം കഴുകണം, പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം, കേടുവരാത്ത ഉള്ളിയും കാബേജുകളും മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഷവര്‍മ വിപണന സ്ഥാപനങ്ങള്‍ക്ക് നേരത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയിരുന്നു. ഇക്കാര്യങ്ങളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT