അസഹിഷ്ണുതയില്‍ ആശങ്ക പങ്കുവെച്ച് നവോത്ഥാന കലാജാഥക്ക് സ്വീകരണം

കോഴിക്കോട്: ശ്രീ നാരായണ ഗുരുവിന്‍െറ ജാതിയില്ലാ വിളംബര ജാഥയുടെയും സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയതിന്‍െറയും റഷ്യന്‍ വിപ്ളവത്തിന്‍െറയും നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച നവോത്ഥാന കലാജാഥക്ക് മുതലക്കുളത്ത് സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങില്‍ കവി സച്ചിദാനന്ദന്‍ ജാഥക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു. രാജ്യത്തൊട്ടാകെ സാംസ്കാരിക പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ കരുത്തായ വൈവിധ്യങ്ങളെയാണ് ഇത് ബാധിച്ചത്. ചോദ്യം ചോദിക്കുന്നവനെയും എഴുത്തുകാരനെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. ഇന്ത്യയുടെ സംസ്കാരം സംവാദത്തിന്‍േറതാണ്. അത് കൊലപാതകത്തിന്‍േറതായി മാറി. ആധുനിക ശാസ്ത്രത്തെ ബാലിശമായി വ്യാഖ്യാനിക്കുന്നതിന്‍െറ ഭാഗമായി മിത്തുകളെ ചരിത്രമായി മാറ്റാനുളള ഒരുക്കത്തിലാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. ‘നവോത്ഥാനം കേരളത്തില്‍’ വിഷയത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതിയംഗം സി.പി. ഹരീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മതവും ജാതിയും രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്വാധീനമുണ്ടായിട്ടും സാമൂഹിക സ്വാധീനം ഇല്ലാത്തൊരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ലിബറല്‍ ചിന്താഗതിയാണ് രാജ്യത്ത് നവോത്ഥാനത്തിന് അടിത്തറ പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 26ന് നാദാപുരം പെരുമുണ്ടശേരിയില്‍ ആരംഭിച്ച കലാജാഥ ഒമ്പതിന് ചെറൂപ്പയില്‍ അവസാനിക്കും. അറുപതോളം കേന്ദ്രങ്ങളില്‍ കലാ ജാഥ അവതരിപ്പിക്കും. നവോത്ഥാന കലാജാഥയുടെ രചന എം.എം. സചീന്ദ്രനും, ബി.എസ്. ശ്രീകണ്ഠനുമാണ് നിര്‍വഹിച്ചത്. സംവിധാനം മനോജ് നാരായണനും സംഗീതം കോട്ടക്കല്‍ മുരളിയും നിര്‍വഹിച്ചു. പന്തീരാങ്കാവ്: ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച നവോത്ഥാന കലാജാഥക്ക് പന്തീരാങ്കാവിലും കൂടത്തുംപാറയിലും സ്വീകരണം നല്‍കി. നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാനും ഫാഷിസ്റ്റ് ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം വളര്‍ത്തിയെടുക്കാനും ആഹ്വാനം ചെയ്യുന്നതാണ് കലാ ജാഥയിലെ പരിപാടികള്‍. സ്വീകരണ കേന്ദ്രങ്ങളില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. മനോജ് കുമാര്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി, പരിഷത്ത് സംസ്ഥാന സെക്രട്ടറി മുരളീധരന്‍, വാര്‍ഡ് മെംബര്‍മാരായ എം.എം. പവിത്രന്‍, ഉഷ, ജാഥാമാനേജര്‍ കെ.എന്‍. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് മാസ്റ്റര്‍, വിന്‍സന്‍റ് ജോണ്‍, മുസ്തഫ, സുനില്‍കുമാര്‍, അഖിലേഷ്, പി.കെ. രാജു, കെ. ബാലാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.