തുക വിനിയോഗിക്കുന്നതില്‍ വീണ്ടും അലംഭാവം: മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ്: നാലു കോടി വീണ്ടും നഷ്ടമാകുന്നു

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി അനുവദിച്ച നാലു കോടി രൂപ വീണ്ടും നഷ്ടത്തിന്‍െറ വക്കില്‍. തുക വിനിയോഗിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പിന്‍െറ അനാസ്ഥക്കെതിരെ വീണ്ടും സമരത്തിനിറങ്ങാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. റോഡ് വികസനത്തിനായി സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 2.8 ഏക്കര്‍ ഭൂമി വിട്ടുനല്‍കാനും ചുറ്റുമതില്‍ നിര്‍മിക്കാനുമായി അനുവദിച്ച നാലുകോടി രൂപ മാര്‍ച്ചോടെ വീണ്ടും ലാപ്സാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. യഥാസമയം നിര്‍മാണം ആരംഭിക്കാത്തതിനാല്‍ കഴിഞ്ഞ സര്‍ക്കാര്‍ 2015ല്‍ അനുവദിച്ച തുക 2016 മാര്‍ച്ചില്‍ ലാപ്സായി തിരിച്ചുപോയിരുന്നു. പിന്നീട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മര്‍ദത്തെ തുടര്‍ന്ന് വീണ്ടും അനുവദിച്ചെങ്കിലും വിനിയോഗിക്കുന്നതില്‍ അലംഭാവം തുടരുകയാണ്. പ്രവൃത്തിക്കുള്ള ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും നിര്‍മാണം തുടങ്ങിയില്ളെന്നാണ് ആക്ഷേപം. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. ഉടന്‍ പ്രവൃത്തി ആരംഭിച്ചില്ളെങ്കില്‍ ഈ സാമ്പത്തിക വര്‍ഷവും തുക ലാപ്സാകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് നിര്‍മാണം വൈകിപ്പിക്കുന്നത്. സമ്മതപത്രവും യഥാര്‍ഥ ആധാരവുമുള്‍പ്പെടെ എല്ലാ രേഖകളും നല്‍കിയവരുടെ മുഴുവന്‍ തുകയും മാര്‍ച്ചിനകം നല്‍കാനും അവശേഷിക്കുന്ന ഭൂമി സര്‍ക്കാര്‍ നിയമപ്രകാരം ഏറ്റെടുക്കാനും സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും ചുറ്റുമതില്‍ നിര്‍മാണം മാത്രം വൈകിപ്പിക്കുകയാണെന്ന് ഭാരവാഹികള്‍ പറയുന്നു. സര്‍ക്കാര്‍ കൈവശമുള്ള ഭൂമി മതില്‍കെട്ടി സംരക്ഷിക്കാതെ താമസിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. അടിയന്തരമായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുകയും മതില്‍കെട്ടി സംരക്ഷിക്കുകയും ചെയ്തില്ളെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസിലേക്ക് ബഹുജനമാര്‍ച്ചും മറ്റു സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് എം.ജി.എസ്. നാരായണന്‍, അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, കണ്‍വീനര്‍ കെ.വി. സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഇടപെടണമെന്ന് എം.പി, എം.എല്‍.എ, മേയര്‍ എന്നിവരോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.