പ്രതിഷേധം ഫലം കണ്ടില്ല; പാറത്തോട് റേഷന്‍കട പൊലീസ് സാന്നിധ്യത്തില്‍ മുന്‍ ഉടമക്ക് കൈമാറി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മൈസൂര്‍ മല പാറത്തോട് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയുടെ നടത്തിപ്പുക്കാരനെ മാറ്റി നേരത്തെ കട നടത്തിയ ആളെ ഏല്‍പിക്കാനുള്ള നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധം വകവെക്കാതെ അധികൃതര്‍ മുന്‍ നടത്തിപ്പുകാരന് റേഷന്‍കട അധികൃതര്‍ കൈമാറി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കാരശ്ശേരി പാറത്തോട് മൈസൂര്‍ മലയില്‍ എ.ആര്‍.ഡി 161 റേഷന്‍കട 19 വര്‍ഷം നടത്തിയ ആള്‍ക്കെതിരെ കാര്‍ഡുടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇയാള്‍ കട നിര്‍ത്തിപ്പോയതോടെ ആദിവാസികളുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് രണ്ട് കി.മീറ്റര്‍ സഞ്ചരിച്ച് മുരിങ്ങംപുറായിലത്തെി വേണമായിരുന്നു റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍. ഇതോടെ അന്നത്തെ ഗ്രാമപഞ്ചായത്ത് മെംബര്‍ വി.കെ. വിനോദിന്‍െറ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി പ്രകാശ് തോമസ് എന്നയാളെ കടയേല്‍പിച്ചു. എന്നാല്‍, റേഷന്‍കട നടത്തിപ്പ് തനിക്കുതന്നെ വേണമെന്നാവശ്യപ്പെട്ട് ആദ്യം നടത്തിയ വ്യക്തി ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കട നേരത്തെ നടത്തിയ വ്യക്തിക്ക് ഏല്‍പിച്ചുനല്‍കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടത്. ആരോപണ വിധേയനായ മുന്‍ വ്യക്തിക്ക് റേഷന്‍കട കൈമാറാനുള്ള നിര്‍ദേശം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയില്‍ തിങ്കളാഴ്ച അസിസ്ന്‍റ് താലൂക്ക് സപൈ്ള ഓഫിസര്‍ ഓമനക്കുട്ടന്‍, റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ ഷാനവാസ്, അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പൊലീസിന്‍െറ സഹായത്തോടെ കട പഴയ നടത്തിപ്പുകാരനെ ഏല്‍പിക്കുകയായിരുന്നു. ആദിവാസികളടക്കം ഇത് തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിനും കാരണമായി. റേഷന്‍കടയുടമയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇടതുമുന്നണിക്കുള്ളില്‍ നേരത്തെതന്നെ തര്‍ക്കം നിലനിന്നിരുന്നു. കാര്‍ഡുടമകളുടെ രോഷത്തിനും വകുപ്പുതല നടപടിക്കും വിധേയനായി നാലുവര്‍ഷം മുമ്പ് കട ഉപേക്ഷിച്ചുപോയ ആളെ വീണ്ടും തല്‍സ്ഥാനത്ത് അവരോധിക്കാനാണ് ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.