വെള്ളിമാട്കുന്ന്: അറവിനായി കൊണ്ടുവന്ന 21 ആടുകൾ ശ്വാസംമുട്ടിയും തീറ്റയില്ലാതെയും ചത്തു. വെള്ളിയാഴ്ച രാത്രി മൈസൂരുവിൽനിന്ന് കോഴിക്കോെട്ട സെൻട്രൽ മാർക്കറ്റിലെ ഇറച്ചികടക്കാരന് വേണ്ടി പിക് അപ് വാനിൽ കൊണ്ടുവന്ന 47 ആടുകളിൽ 21 എണ്ണമാണ് കാലിക്കടുത്തുകാരുടെ ക്രൂരതമൂലം ചത്തത്. ശനിയാഴ്ച രാവിലെ 11.30ഒാടെയാണ് ആടുകളെ കുത്തിനിറച്ചുകൊണ്ടുവരുകയായിരുന്ന വാഹനം പാറോപ്പടിയിൽ വെച്ച് ശ്രദ്ധയിൽപെട്ടത്. ഡി.വൈ.എഫ്.െഎ പ്രവർത്തകർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മിണ്ടാപ്രാണികളോട് കാട്ടിയ ക്രൂരത പുറത്തായത്. വാഹനത്തിൽ ആടുകളെ അറുത്തിട്ട നിലയിലും ഇവർ കണ്ടെത്തുകയായിരുന്നു. രക്തം തളംെകട്ടിയ വാഹനത്തിൽ ചത്തതും മൃതപ്രായമായതുമായ ആടുകൾ കിടക്കുന്ന കാഴ്ച ഭീകരമായിരുന്നു. ഉടൻ തന്നെ ചേവായൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാഹനവും വാഹനത്തിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മണികണ്ഠൻ, റഹ്മാൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ശ്വാസം കിട്ടാതെ ചത്തവയേയും തളർച്ചയേറ്റവയേയും വാഹനത്തിൽവെച്ച് അറുത്തതാണെന്ന് വാഹനം തടഞ്ഞവരും പൊലീസും പറയുന്നു. എന്നാൽ, മൃതപ്രായമായവയെ അറുത്ത് വാഹനത്തിൽ വെച്ചതാണെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നത്. കെ.എൽ 9 എ ജി 2791 ദോസ്ത് വാഹനം കസ്റ്റഡിയിലെടുത്തു. മിണ്ടാപ്രാണികളോടുള്ള ക്രൂരതക്കെതിരെ ചേവായൂർ എസ്.െഎ ഇ.കെ. ഷിജു കേസെടുത്തു. ശ്വാസം മുട്ടിയും വെള്ളംകിട്ടാതെയും അനങ്ങാൻപോലും കഴിയാത്ത ആടുകൾക്ക് കോർപറേഷൻ തൊഴിലാളികളും പ്രദേശവാസികളും വെള്ളവും തീറ്റയും കൊടുത്തു. മൈസൂരിലെ ഹോസ്പിറ്റ് എന്ന സ്ഥലത്തുനിന്ന് കയറ്റാവുന്നതിലധികം ആടുകളെ വെള്ളിയാഴ്ച രാത്രിയോടെ വാഹനത്തിൽ കയറ്റുകയായിരുന്നു. ചത്ത ആടുകളെ കോർപറേഷൻ വെറ്ററിനറി സർജെൻറ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ഇവയെ ചേവായൂർ പൊലീസ്സ്റ്റേഷന് പിറകിൽ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്ത് മൂടി. എസ്.പി.സി.എ ഇൻസ്പെക്ടർ അജിത്കുമാർ സ്ഥലത്തെത്തി. കേസെടുത്ത് പ്രതികളെ വിട്ടയച്ചെങ്കിലും വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.