ഫറോക്ക്: അകക്കണ്ണുള്ള അക്ഷരദീപമായി മൂന്നരപതിറ്റാണ്ട് കാഴ്ചയില്ലാത്തവർക്ക് െബ്രയിൽ ലിപിയിൽ അക്ഷരവെളിച്ചം പകർന്നു നൽകിയ കൗസ ടീച്ചർ ഡിസംബർ 31ന് വിരമിക്കുന്നു. നൂറുകണക്കിന് കാഴ്ചയില്ലാത്ത വിദ്യാർഥികൾക്ക് ബ്രെയിൽ ലിപിയിൽ അക്ഷരങ്ങൾ പകർന്ന കൊളത്തറ വികലാംഗവിദ്യാലയത്തിലെ ബ്രെയിലിസ്റ്റ് എ.എം. കൗസ മുപ്പത്തിമൂന്നുവർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുകയാണ്. ഡൽഹി യൂനിവേഴ്സിറ്റി പ്രഫസറായിരുന്ന നവാസ് നിസാർ മുതൽ പെരിങ്ങളം ജി.എച്ച്.എസ്.എസ് അധ്യാപകനായ എം. രഞ്ജിത്ത്, ഇതേ വിദ്യാലയത്തിലെ അധ്യാപകരായ എം.കെ. സീനത്ത്, പിടി. റസിയാബി, സി. അബ്ദുൽ കരീം, പി. ഇക്ബാൽ, എം.പി കുഞ്ഞി ബാവ, മീഞ്ചന്ത ഹൈസ്കൂളിലെ അധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ ഉൾപ്പടെ നിരവധി ശിഷ്യഗണങ്ങൾക്ക് ബ്ലെയിൽ ലിപി അഭ്യസിപ്പിച്ചത് കൗസ ടീച്ചറാണ്. പൂർണമായും കാഴ്ചയില്ലാത്ത ഇവർ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻറ് ജില്ല കമ്മിറ്റി ഭാരവാഹിയായിട്ടുണ്ട്. ഇതേ വിദ്യാലയത്തിൽ അധ്യാപകനായിരുന്ന പരേതനായ എം. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ഭർത്താവ്. ഒറ്റപ്പാലം പലമണ്ണ സ്വദേശിയായ ടീച്ചർ മഞ്ചേരി മങ്കടക്കടുത്ത് വെള്ളിക്കാപറ്റ അന്ധവിദ്യാലയത്തിലാണ് പത്താം ക്ലാസ് വരെ പഠനം നടത്തിയത്. തുടർന്ന് പ്രീഡിഗ്രിക്ക് ഫാറൂഖ് കോളജിൽ ചേർന്നു പഠിച്ചു. ഫാറൂഖ് കോളജിലെ പഠനകാലത്താണ് മെഡിക്കൽ കോളജ് റഹ്മാനിയ വികലാംഗവിദ്യാലയത്തിലെ അധ്യാപകനായ അബ്ദുറഹിമാനുമായി വിവാഹം നടക്കുന്നത്. വിവാഹത്തിനുശേഷം ഭർത്താവിന് കൊളത്തറ വികലാംഗ വിദ്യാലയത്തിലേക്ക് സ്ഥലമാറ്റം ലഭിച്ചു. 1984-ൽ ടീച്ചർക്ക് ഇതേ സ്കൂളിൽ െബ്രയിലിസ്റ്റായി ജോലി ലഭിച്ചു. അകക്കണ്ണിൽ ഇവർ വിദ്യ അഭ്യസിപ്പിച്ച 170-ൽ പരം പേർ ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി ജോലി ചെയ്യുന്നു. നല്ലളത്തെ ചാലാട്ടിയിൽ മകൻ ഫളലുറഹ്മാെൻറയും ഭാര്യ സബിതയുടെയും പേരക്കുട്ടികളുടെയും കൂടെയാണ് കഴിയുന്നത്. തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് കൗസ ടീച്ചർ ഡിസംബർ 31ന് പടിയിറങ്ങുന്നത്. തനിക്ക് പകർന്നുകിട്ടിയ അക്ഷരദീപം അണയാതെ നൂറു കണക്കിന് അന്ധവിദ്യാർഥികൾക്ക് പകർന്നുനൽകുകയും അവരിൽ പലരും ഇന്ന് അതിലേറെ അന്ധവിദ്യാർഥികൾക്ക് അക്ഷരവെളിച്ചമായി പ്രകാശിക്കുന്നത് അകക്കണ്ണിൽ ഇവർ കാണുകയും ചെയ്യുന്നു. ഫസീല മകളാണ്. ലിപി പകർന്നു നൽകിയ ഗുരുനാഥയുടെ പ്രിയ ശിഷ്യർ നല്ലളത്തുള്ള വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ഫെഡറേഷൻ ഓഫ് ദി ബ്ലൈൻറ് ജില്ല മുൻ ആക്ടിങ് പ്രസിഡൻറ് പി.ടി. മുഹമ്മദ് മുസ്തഫ, ട്രഷറർ എ. അബ്ദുൽ റഹീം, അസ്സബാഹ് വനിതാ വിങ് പ്രസിഡൻറ് പി.ടി. റസിയാബി, അംഗം പി. ഖൈറുന്നിസ, കെ. സുനിമോൾ കെ. സുജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.