p3 lead with all in one package *വേലായുധൻ തുടർന്നേക്കും; ഇല്ലെങ്കിൽ ശശാങ്കന് സാധ്യത കൽപറ്റ: സി.പി.എം വയനാട് ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നേതൃത്വം നൽകുന്ന ഒൗദ്യോഗിക വിഭാഗത്തിന് സ്വാധീനം കുറഞ്ഞ വയനാട് ജില്ലയിൽ വി.എസ്. പക്ഷത്തിനാണ് വർഷങ്ങളായി മുൻതൂക്കം. അതുകൊണ്ടുതന്നെ ജില്ലയിലെ സെക്രട്ടറി തെരഞ്ഞെടുപ്പ് സംസ്ഥാനമൊട്ടാെക ഉറ്റുനോക്കുന്നതു കൂടിയായി മാറുന്നു. എം. വേലായുധനാണ് നിലവിൽ ജില്ല സെക്രട്ടറി. ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പദവിയിൽ തുടരില്ലെന്ന സന്ദേഹങ്ങൾക്കിടയിൽ പുതിയ സെക്രട്ടറിയെക്കുറിച്ച് ചർച്ച സജീവമായിരുന്നു. എന്നാൽ, എം. വേലായുധൻ സ്ഥാനത്ത് തുടർന്നേക്കുമെന്ന സൂചനകളാണ് ഒടുവിൽ ഉയർന്നത്. വേലായുധൻ മാറിനിൽക്കുന്നപക്ഷം, ബത്തേരിയിൽനിന്നുള്ള കെ. ശശാങ്കൻ പുതിയ സെക്രട്ടറിയാകാൻ സാധ്യത കൂടുതലാണ്. 20 വർഷമായി ജില്ല കമ്മിറ്റിയിലുള്ള ശശാങ്കൻ ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറിയും സി.പി.എം ബത്തേരി ഏരിയ മുൻ സെക്രട്ടറിയുമാണ്. ജില്ല സെക്രട്ടറിയായിരുന്ന സി. ഭാസ്കരൻ അന്തരിച്ചതോടെയാണ് ശശാങ്കൻ ജില്ല സെക്രേട്ടറിയറ്റിലെത്തിയത്. വെള്ളമുണ്ടയിൽനിന്നുള്ള എ.എൻ. പ്രഭാകരെൻറ പേരും ശക്തമായി ഉയർന്നുകേൾക്കുന്നുണ്ട്. ജില്ല സെക്രേട്ടറിയറ്റംഗവും കർഷക തൊഴിലാളി യൂനിയൻ മുൻ ജില്ല സെക്രട്ടറിയുമായ പ്രഭാകരൻ നിലവിൽ ജില്ല പഞ്ചായത്തംഗവുമാണ്. ആറംഗ ജില്ല സെക്രേട്ടറിയറ്റും 25 അംഗ ജില്ല കമ്മിറ്റിയുമാണ് വയനാട്ടിൽ പാർട്ടിക്കുള്ളത്. നേതൃപാടവവും ജനകീയതയും കൈമുതലായുള്ള നേതാക്കൾ വിരളമാണെന്നതാണ് സി.പി.എം ചുരത്തിന് മുകളിൽ നേരിടുന്ന വെല്ലുവിളികളിലൊന്ന്. എം.എൽ.എയായതോടെ ജില്ല സെക്രട്ടറി സ്ഥാനമൊഴിഞ്ഞ സി.കെ. ശശീന്ദ്രന് പറ്റിയ പകരക്കാരനെ കണ്ടെത്തുകയെന്നത് വയനാട്ടിൽ സി.പി.എമ്മിനെ കുഴക്കുന്നുണ്ട്. ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും എം. വേലായുധനെ മുന്നിലിരുത്തി ജില്ലയിൽ പാർട്ടിയെ ഇപ്പോഴും നയിക്കുന്നത് ശശീന്ദ്രനാണെന്ന് മറുവിഭാഗം കുറ്റെപ്പടുത്തുന്നു. ശശാങ്കനെ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് സി.കെ. ശശീന്ദ്രൻ ഉൾപ്പെടെയുള്ളവരാണ്. അതേസമയം, ശശാങ്കെൻറ പേര് നിർദേശിക്കപ്പെട്ടാൽ മത്സരത്തിന് സാധ്യതയുണ്ടെന്നതിനാൽ സമവായമെന്ന നിലക്കും വേലായുധൻ തുടരാനുള്ള സാഹചര്യമാണുള്ളത്. നഗരത്തിൽ ഗതാഗത നിയന്ത്രണം; ഇന്ന് ബഹുജന റാലി കൽപറ്റ: സി.പി.എം ജില്ല സമ്മേളനത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൽപറ്റയിൽ ബഹുജന റാലിയും ചുവപ്പ് സേനാ മാർച്ചും നടക്കും. പൊതുസമ്മേളന നഗരിയായ ചെ ഗുവേര നഗറിൽ (പുതിയ ബസ്സ്റ്റാൻഡ് പരിസരം) നടക്കുന്ന ബഹുജനറാലിയിൽ അരലക്ഷം ആളുകൾ പങ്കെടുക്കും. കേന്ദ്രീകരിച്ച പ്രകടനം ഉണ്ടാകില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ ചെറു പ്രകടനങ്ങളായി പൊതുസമ്മേളന നഗരിയിൽ സംഗമിച്ച് റാലിയിൽ അണിചേരും. പ്രതിനിധി സമ്മേളനത്തിനു ശേഷം ഉച്ചക്ക് രണ്ടിന് ചുവപ്പ് സേനാ മാർച്ച് ആരംഭിക്കും. ജില്ല കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും ചുവപ്പ് സേനാ മാർച്ചിന് പിന്നാലെ പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ല സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ കൽപറ്റ ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. കൈനാട്ടി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ് സർവിസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും ബൈപാസ് റോഡ് വഴി പോകണം. ബത്തേരി- മാനന്തവാടി ഭാഗങ്ങളിൽനിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വാഹനവുമായി എത്തുന്നവർ ഗൂഡലായി റോഡിൽ ആളുകളെയിറക്കി ബൈപാസിൽ വാഹനം പാർക്ക് ചെയ്യണം. വൈത്തിരി ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കൽപറ്റ എൽ.ഐ.സി. ഒാഫിസിന് മുന്നിൽ ആളുകളെയിറക്കി ബൈപാസിൽ പാർക്ക് ചെയ്യണം. പടിഞ്ഞാറത്തറ ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ സെൻറ് ജോസഫ്സ് സ്കൂളിന് മുന്നിൽ ആളെയിറക്കി ചുങ്കം -ജനമൈത്രി ജങ്ഷൻ വഴി ബൈപാസിൽ പാർക്ക് ചെയ്യണം. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ റോഡിെൻറ ടാറിങ് അവസാനിക്കുന്ന ഭാഗത്തുനിന്നും പരമാവധി പുറത്തേക്ക് മാറ്റി പാർക്ക് ചെയ്യണം. ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര വികസന പദ്ധതികൾ നടപ്പാക്കണമെന്ന് സി.പി.എം *തോട്ടം മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരെ പ്രക്ഷോഭം കൈനാട്ടി: സമഗ്ര ആദിവാസി വികസന പ്രക്രിയ ശക്തിപ്പെടുത്തി സ്വയംപര്യാപ്തത കൈവരിച്ച ജനവിഭാഗങ്ങളായി ആദിവാസി വിഭാഗത്തെ മാറ്റിയെടുക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്ന്് സി.പി.എം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കണം. രക്ഷാകർതൃമനോഭാവത്തോടെയല്ല ആദിവാസി വികസനങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യേണ്ടതും നടപ്പാക്കേണ്ടതും. വനാവകാശ നിയമ പ്രകാരം വി.എസ്. സർക്കാരിെൻറ കാലത്ത് 5000 ത്തിൽപരം ആദിവാസികുടുംബങ്ങൾക്ക് ഭൂമി നൽകി. 50 കോടി രൂപ ഭൂമി വിലയ്ക്ക് വാങ്ങി നൽകുന്നതിനും അനുവദിച്ചു. ഇതിൽ 27 കോടി രൂപ െചലവഴിച്ചിട്ടില്ല. പിണറായി സർക്കാർ അനുവദിച്ച 42 കോടിരൂപ ഉൾെപ്പടെ 69 കോടി രൂപ ഭൂമി വാങ്ങിച്ചു നൽകാൻ അനുവദിച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്നതിനുള്ള നടപടികൾ അതിവേഗം ആരംഭിക്കണം. വനാവകാശ നിയമ പ്രകാരം വിതരണം ചെയ്യാൻ കഴിയാവുന്ന ബാക്കി ഭൂമിയും അടിയന്തരമായി നൽകണം. പഞ്ചായത്ത് തലത്തിൽ തികച്ചും ഭൂരഹിത ആദിവാസികളുടെ പട്ടിക പ്രസിദ്ധീകരിക്കണം. വനാവകാശ നിയമപ്രകാരം നൽകിയ ഭൂമിക്ക ്കൈവശ രേഖക്ക് പകരം പട്ടയം നൽകാൻ കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തണം. ആദിവാസികളുടെ തൊഴിൽ സംവരണം ജില്ലാടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി മാറ്റണം. ജില്ലയിൽ 18 ശതമാനം തൊഴിൽ സംവരണം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ ജീവിത ദുരിതത്തിനറുതി വരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നേരത്തേ ഏറ്റവും ആകർഷകമായ തൊഴിൽ മേഖലയായിരുന്നു തോട്ടം. സ്ഥിരപ്പെടാൻ വർഷങ്ങളോളം ലോക്കൽ തൊഴിലാളികളായി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ എസ്റ്റേറ്റുകളിൽ ജോലി ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥയാണ്. പ്രതിസന്ധിയുടെ മറവിൽ വൻകിട തോട്ടമുടമകൾ തൊഴിലാളി ചൂഷണം വർധിപ്പിക്കുകയാണ്. കൂലി 600 രൂപയായി വർധിപ്പിക്കണം. എല്ലാ കൂലി വർധനവിലും അധ്വാനഭാരം വർധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. ജോലി സമയം ആറ് മണിക്കൂറായി ചുരുക്കണം. താമസിക്കാൻ വീടും ആധുനിക ചികിത്സ സൗകര്യവും മെച്ചപ്പെട്ട പെൻഷനും ലഭ്യമാക്കണം. തൊഴിലാളി ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കും സമ്മേളനം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.