ലക്ഷദ്വീപ് യാത്രാകപ്പൽ പുനരാരംഭിച്ചു

ബേപ്പൂർ: ലക്ഷദ്വീപ് യാത്രക്കാരുമായി ആദ്യ കപ്പൽ ബേപ്പൂർ തുറമുഖത്തെത്തി. ഓഖി ചുഴലിക്കാറ്റിൽ സർവിസ് അവസാനിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ലക്ഷദ്വീപിൽനിന്ന് യാത്രക്കാരുമായി കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് എത്തിച്ചേർന്ന 'മിനിക്കോയ്' എന്ന കപ്പലിൽ അമേനി, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽനിന്നുള്ള 84 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചികിത്സ, കച്ചവടം എന്നീ ആവശ്യങ്ങൾക്കായി എത്തിയവരാണധികവും. കപ്പൽ ബുധനാഴ്ച വൈകീട്ട് യാത്രക്കാരുമായി വിവിധ ദ്വീപുകളിലേക്ക് യാത്രതിരിക്കും. കഴിഞ്ഞ മാസം 29നായിരുന്നു 'മിനിക്കോയ്' എന്ന ഈ കപ്പൽ ബേപ്പൂരിൽനിന്ന് ദ്വീപിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാൽ, കാലാവസ്ഥ മോശമാകുന്നതായുള്ള സൂചന ലഭിച്ചയുടൻ കപ്പലിനുള്ള യാത്രാനുമതി അധികൃതർ റദ്ദാക്കുകയായിരുന്നു. തുടർന്ന് ഓഖി കൊടുങ്കാറ്റ് കാരണം കടൽ പ്രക്ഷുബ്ധമായതിനാൽ യാത്ര അനിശ്ചിതമായി നീണ്ടു. തുടർന്ന് ഇതിൽ ടിക്കറ്റ് ലഭിച്ചവരും അല്ലാത്തവരുമായ നൂറ്റമ്പതോളം ദ്വീപുകാർ കോഴിക്കോട്ടും ബേപ്പൂരിലുമായി വിവിധ ലോഡ്ജുകളിലും വീടുകളിലുമായി കഴിച്ചുകൂട്ടുകയായിരുന്നു. ഇവരുടെ താമസവും ഭക്ഷണവുമുൾപ്പെടെയുള്ള കാര്യങ്ങൾ ദ്വീപ് ഭരണകൂടവും ഷിപ്പിങ് അതോറിറ്റിയും ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കടുത്ത പ്രതിഷേധവുമുയരുകയുണ്ടായി. പിന്നീട് ജില്ല ഭരണകൂടവും സന്നദ്ധ സംഘടനകളും നേരിട്ടിടപെട്ട് ഇവർക്കുള്ള താമസത്തിനും ഭക്ഷണത്തിനും ഏർപ്പാടുകൾ ചെയ്തിരുന്നു. ഓഖി കൊടുങ്കാറ്റിനെത്തുടർന്ന് ദ്വീപസമൂഹങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതറിഞ്ഞ് ഇവിടെ കുടുങ്ങിയ ദ്വീപുകാർ വലിയ വേവലാതിയിലായിരുന്നു. പിന്നീട് ജില്ല ഭരണകൂടം നേരിട്ട് ഇടപെട്ട് അതിവേഗ വെസ്സൽ 'ചെറിയപാനി' എന്ന കപ്പലിൽ യാത്രക്കാരെ ഈ മാസം ഏഴിന് ദ്വീപിലേക്ക് കയറ്റിയയച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇതിനിടെ 'മിനിക്കോയ്' എന്ന കപ്പൽ ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്നതിനിടയിൽ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിലെ തിരയിളക്കത്തിൽ വാർഫിൽ ഇടിച്ച് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിശോധനയിൽ കപ്പലി​െൻറ ദിശാനിർണയ സംവിധാനം തകരാറിലായതായി കണ്ടെത്തി. പിന്നീട് കപ്പലിനെ കൊച്ചിയിലെത്തിച്ച് കേടുപാടുകൾ തീർക്കുകയായിരുന്നു. അതിനു ശേഷമാണ് ദ്വീപിലേക്ക് പോയി യാത്രക്കാരുമായി ഇപ്പോൾ എത്തിയത്. അഗത്തി ദ്വീപിലെ ബോട്ട് ജെട്ടിയുടെ വലിയ ടയർ ഫെൻഡർ ചങ്ങല പൊട്ടി പൂർണമായും അടർന്നുപോയതായി ക്യാപ്റ്റൻ കെ.കെ. ഹരിദാസ് പറഞ്ഞു. ഇതുകാരണം കപ്പൽ കരയിൽനിന്ന് വളരെ ദൂരെയാണ് അടുപ്പിക്കുന്നതെന്ന് ക്യാപ്റ്റൻ അറിയിച്ചു. ഇപ്പോൾ യാത്രക്കാർ ചെറുതോണിയിൽ വന്നാണ് കപ്പലിലേക്ക് കയറുന്നത്. ലക്ഷദ്വീപ് ഭാഗങ്ങളിൽ ശക്തമായ തിരമാലകൾ ഏതാണ്ട് മൂന്നു മീറ്റർ ഉയരത്തിൽ അടിക്കുന്നുണ്ട്. 60 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും തുടരുകയാണ്. ഇതുകാരണം കപ്പൽ വളരെ വൈകിയാണ് അതതിടങ്ങളിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽപേനി ദ്വീപിലെ ബോട്ട് ജെട്ടി ഓഖിയിൽ പൂർണമായും തകർന്നുപോയതായും അദ്ദേഹം പറഞ്ഞു. photo: ship1 ship2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.