പരാതി പരിഹാരത്തിനൊരു ജാലകമായി സഫലം

*വെണ്ണി‍യോട് ബാങ്ക് ശാഖ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് കലക്ടർ മുട്ടിൽ: പരാതി പരിഹാരത്തിന് കാത്തിരുന്നവർക്ക്് പ്രതീക്ഷയായി ഒരു സഹായ ജാലകം. ജില്ല കലക്ടറുടെ പ്രത്യേക പരാതി പരിഹാര അദാലത്തായ സഫലം ആണ് നൂറുകണക്കിന് അപേക്ഷകർക്ക് ആശ്വാസമായത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ജില്ല കലക്ടർ എസ്. സുഹാസി​െൻറ മൂന്നാമത് പരാതി പരിഹാര അദാലത്തിലും നിരവധി പേരാണ് പരാതികളുമായെത്തിയത്. ഭൂമി സംബന്ധമായതും അല്ലാത്തതുമായ നിരവധി പരാതികൾ പരിഹാരത്തിനായി ജില്ല കലക്ടറുടെ മുന്നിലെത്തി. ശനിയാഴ്ച രാവിലെ 10 മുതൽ തുടങ്ങിയ അദാലത്തിലേക്ക് മുൻകൂട്ടി 290 പരാതികളാണ് എത്തിയിരുന്നത്. ഇതിൽ 244 എണ്ണം കാലതാമസമില്ലാതെതന്നെ തീർപ്പാക്കി. 190 വിവിധ പരാതികൾ പുതിയതായി ജില്ല കലക്ടറുടെ മുന്നിൽ പരിഹാരം തേടിയെത്തി. വൈത്തിരി താലൂക്കിലെ മുട്ടിൽ നോർത്ത്, മുട്ടിൽ സൗത്ത്, കണിയാമ്പറ്റ, കോട്ടത്തറ, കൽപറ്റ എന്നീ അഞ്ച് വില്ലേജുകളിലുള്ളവർക്കായാണ് ശനിയാഴ്ച അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകൾ സ്വീകരിക്കാനും തുടർനടപടികൾ സ്വീകരിച്ച് കലക്ടറെ നേരിട്ടു കണ്ട് പരാതി സമർപ്പിക്കാനും ഓരോ വില്ലേജിനും പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. ജില്ല കലക്ടറുടെ നേതൃത്വത്തിൽ പരിഹരിച്ച പരാതികൾ അതത് കൗണ്ടർ വഴി അപേക്ഷകരെ അപ്പപ്പോൾതന്നെ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. നേരിട്ടു ലഭിച്ച അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനം എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് ദേശസാൽകൃത ബാങ്കി​െൻറ ശാഖ ആരംഭിക്കുന്നത് പ്രത്യേക കേസായി പരിഗണിച്ച് നടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടർ എസ്. സുഹാസ് ലീഡ് ബാങ്ക് മാനേജറായ എം.ഡി ശ്യാമളക്ക് നിർദേശം നൽകി. പഞ്ചായത്ത് മെംബർ പ്രീതയാണ് ആവശ്യവുമായി അദാലത്തിൽ എത്തിയത്. റവന്യൂ സംബന്ധമായി 75 അപേക്ഷകളാണ് ലഭിച്ചത്. പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട 64 പരാതികൾ, സിവിൽ സപ്ലൈസ് 24, മറ്റിനങ്ങളിൽ 27 എന്നിങ്ങനെയാണ് അദാലത്തിൽ ലഭിച്ച അപേക്ഷകൾ. ഡെപ്യൂട്ടി കലക്ടർമാരായ ടി. സോമനാഥൻ, ചാമിക്കുട്ടി, ഹുസൂർ ശിരസ്തദാർ ഇ.പി. മേഴ്സി, തഹസിൽദാർ എം.ജെ. എബ്രഹാം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പരാതി പരിഹാര അദാലത്തിൽ പങ്കെടുത്തു. റഹ്മത്തിനും സാറാമ്മക്കും ഇനി പുതിയ പ്രതീക്ഷകൾ മുട്ടിൽ: പൊന്നോമനകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിമിത്തം ദുരിതജീവിതം തള്ളിനീക്കുകയായിരുന്ന രണ്ടു കുടുംബത്തിന് ജില്ല കലക്ടറുടെ സഫലം പരാതി പരിഹാര അദാലത്ത് പുതിയ പ്രതീക്ഷയായി. കാര്യമ്പാടിയിലെ തകിടിയിൽ സാറാമ്മയുടെയും കണിയാമ്പറ്റയിലെ റഹ്മത്ത് കോട്ടേകാര​െൻറയും കുടുംബത്തിനാണ് എല്ലാ സഹായവും ജില്ല ഭരണകൂടം വാഗ്ദാനം ചെയ്തത്. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന റഹ്മത്തി​െൻറ എട്ട് വയസ്സുകാരനായ മകൻ നിഷാദിന് ചികിത്സ ചെലവിനുള്ള ധനസഹായത്തിന് വേണ്ടിയായിരുന്നു അദാലത്തിൽ എത്തിയത്. വിവാഹപ്രായമെത്തിയ പെൺമകളോടൊപ്പം അടച്ചുറപ്പില്ലാത്ത ഷെഡിൽ താമസിക്കുന്ന കാര്യവും ഇവർ കലക്ടറുടെ മുന്നിൽ അവതരിപ്പിച്ചു. ഇവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചികിത്സ സഹായം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകുകയായിരുന്നു. അഞ്ചു വർഷമായി ഭർത്താവിൽനിന്ന് ഒരു സഹായവും ലഭിക്കാത്തതിനാൽ ശാരീരിക വൈകല്യമുള്ള മൂത്തമകൻ സന്ദീപിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം അഭ്യർഥിച്ചുകൊണ്ടാണ് കാര്യമ്പാടിയിലെ തകിടിയിൽ സാറാമ്മ എത്തിയത്. ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളോടൊപ്പം കണിയാമ്പറ്റ വില്ലേജിൽ കരണിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിലും ഇവർക്ക് ഇടം ലഭിച്ചില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ലൈഫ് പദ്ധതിയിൽ പ്രത്യേക കേസായി പരിഗണിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കലക്ടർ എസ്. സുഹാസ് നിർദേശം നൽകി. SATWDL12 സഫലം പരാതി പരിഹാര അദാലത്തിൽ സാറാമ്മയും മകനും ജില്ല കലക്ടർ എസ്. സുഹാസിന് പരാതി കൈമാറുന്നു ------------------------------------------------------------------- വാർഷിക പദ്ധതികൾക്ക് ഭേദഗതി അംഗീകാരം ലഭിച്ചു കൽപറ്റ: ജില്ലയിലെ ആറ് തദ്ദേശ ഭരണങ്ങളുടെ 2017 -18 വാർഷിക പദ്ധതികളിൽപ്പെട്ട 70 പദ്ധതികൾക്ക് ഭേദഗതി അംഗീകാരം ലഭിച്ചു. ജില്ല ആസൂത്രണ ഭവനിൽ നടന്ന ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. ജില്ല പഞ്ചായത്ത്, അമ്പലവയൽ, എടവക, കണിയാമ്പറ്റ, നെന്മേനി, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. 38 പദ്ധതികൾ ഒഴിവാക്കുമ്പോൾ 68 പദ്ധതികൾ പുതുതായി ഏറ്റെടുക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല കലക്ടർ എസ്. സുഹാസ്, അസിസ്റ്റൻറ് പ്ലാനിങ് ഓഫിസർ സുഭദ്ര നായർ, വിവിധ ജനപ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.