കൊയിലാണ്ടി: ഓഖി ചുഴലിക്കാറ്റിന് അനുബന്ധമായി എത്തിയ കടൽക്ഷോഭം തീരത്ത് നാശംവിതച്ചു. ഞായറാഴ്ച പകൽ കടൽ ശാന്തമായിരുന്നെങ്കിലും തീരദേശവാസികളുടെ ഭീതി വിട്ടുമാറിയില്ല. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാെട്ട സൗന്ദര്യവത്കരണ നിർമിതികൾക്ക് നാശം നേരിട്ടു. കടൽത്തിരയെ തടഞ്ഞുനിർത്താൻ സ്ഥാപിച്ച കോൺക്രീറ്റ് ബീം കഴിഞ്ഞ ദിവസത്തെ ശക്തമായ കടൽക്ഷോഭത്തിൽ തകർന്നു. ബീമിനു സമീപത്തെ രണ്ടു വൻ കാറ്റാടി മരങ്ങൾ അപകടാവസ്ഥയിലാണ്. കടപുഴകിയ ഇവ ഭീമിൽ താങ്ങിനിൽക്കുകയാണ്. തീരത്തേക്ക് ഇറങ്ങാനുള്ള സ്െറ്റപ്പുകളും മതിലും തകർന്നു. പൊയിൽക്കാവിൽ കടൽഭിത്തി തകർത്തുകയറിയ തിര റോഡിനും നാശം വരുത്തി. ശനിയാഴ്ച അർധരാത്രിയിൽ പൊയിൽക്കാവിൽ കടൽക്ഷോഭം ശക്തമായിരുന്നു. ഭീതിയിലായ ജനം വീട്ടിൽനിന്ന് ഇറങ്ങിനിന്ന് നേരംവെളുപ്പിക്കുകയായിരുന്നു. മാറിത്താമസിക്കാൻ സുരക്ഷിതമായ കേന്ദ്രങ്ങളും ഇവിടെയില്ല. പ്രകൃതിദുരന്തമുണ്ടാകുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ആശ്വാസകേന്ദ്രം കൊയിലാണ്ടിയിലുണ്ടെങ്കിലും കാടുപിടിച്ചു കിടക്കുകയാണ്. ടൗണിൽ കോടതിക്കു പിന്നാലെയുള്ള സൗകര്യപ്രദമായ കെട്ടിടം ശ്രദ്ധിക്കാതെ ഇട്ടിരിക്കയാണ്. അറ്റകുറ്റപ്പണികൾ നടത്തിയാൽ ഉപയോഗപ്പെടുത്താവുന്ന കെട്ടിടമാണിത്. മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പുകാരണം മത്സ്യ ബന്ധനത്തിനു പോകാൻ കഴിയാത്തത് സാമ്പത്തിക പ്രയാസത്തിനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.